ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവമായ “ബെസ്രൗമ ഫെസ്റ്റ് 2K26” വിശുദ്ധ ചാവറ അച്ഛന്റെ കർമ്മഭൂമിയായ മാന്നാനം കുന്നിലെ സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷപൂർവ്വം തുടക്കമായി. നവംബർ 2 മുതൽ 4 വരെയുള്ള തീയതികളിലാണ് കലയുടെ വർണ്ണവസന്തം ഒരുക്കി കലോത്സവം അരങ്ങേറുന്നത്.
ആരംഭ സമ്മേളനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ ജോസഫ് വട്ടപ്പറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഉപജില്ലയിലെ 58 സ്കൂളുകളിൽ നിന്നായി എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 3,500-ഓളം വിദ്യാർത്ഥികളാണ് 9 വേദികളിലായി മാറ്റുരയ്ക്കുന്നത്. കൂടാതെ, ഏറ്റുമാനൂർ ബി.ആർ.സിയിലെ ഭിന്നശേഷി കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ‘ഉൾച്ചേർക്കൽ കലോത്സവവും’ വേദികളിൽ ശ്രദ്ധേയമായി.
ചടങ്ങിൽ ഏറ്റുമാനൂർ എ.ഇ.ഒ ശ്രീജ പി. ഗോപാൽ ആമുഖ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്സ് കലോത്സവ സന്ദേശവും നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൂര്യ ആകാശ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫസീന സുധീർ, പഞ്ചായത്തംഗം സൗമ്യ വാസുദേവൻ, സെന്റ് എഫ്രേംസ് ഹൈസ്കൂൾ എച്ച്.എം കൊച്ചുറാണി സെബാസ്റ്റ്യൻ, പി.ടി.എ പ്രസിഡന്റ് നാരായണൻ നമ്പൂതിരി, വിൻസി റ്റി. മണ്ണനാൽ, ടിജോ കുര്യൻ, തൗഫീഖ് കെ. ബഷീർ തുടങ്ങിയവർ പങ്കെടുത്തു. സെന്റ് എഫ്രേംസ് എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ഫാദർ ജോച്ചൻ ജോസഫ് സ്വാഗതവും എച്ച്.എം ഫോറം സെക്രട്ടറി ബിജോ ജോസഫ് നന്ദിയും പറഞ്ഞു.















