പാലാ: പാലാ നിയോജകമണ്ഡലത്തിലെ വൈദ്യുതി തടസ്സങ്ങൾ പരിഹരിക്കുന്നതിനും ഗ്രാമീണ മേഖലകളിൽ കൂടുതൽ കാര്യക്ഷമവും തടസ്സരഹിതവുമായ വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനുമായി പുതിയ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകൾ രൂപീകരിക്കുന്നതുൾപ്പെടെയുള്ള വികസന പദ്ധതികൾ കെ.എസ്.ഇ.ബി അവലോകന യോഗത്തിൽ ചർച്ച ചെയ്തു.
നവംബർ മൂന്നിന് അരുണാപുരം ഗസ്റ്റ് ഹൗസിൽ നടന്ന അവലോകന യോഗത്തിലാണ് അടുത്ത അഞ്ച് വർഷത്തേക്കുള്ള വിവിധ വൈദ്യുതി വികസന പദ്ധതികൾ അവതരിപ്പിച്ചത്.
പാലാ മേഖലയിലെ നിരന്തരമായ വൈദ്യുതി തടസ്സങ്ങൾ, ഗ്രാമീണ മേഖലകളിലെ വൈദ്യുതി വിതരണ പ്രശ്നങ്ങൾ, പാലാ ടൗണിലെ വൈദ്യുതി മുടക്കം, പാലാ കുരിശുപള്ളി ജംഗ്ഷനിലെ വൈദ്യുതി പോസ്റ്റുകളും ക്രമരഹിതമായി കടന്നുപോകുന്ന കേബിളുകളും പൈതൃകനിർമിതിയുടെ കാഴ്ചയ്ക്ക് സൃഷ്ടിക്കുന്ന തടസ്സങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഭരണങ്ങാനം ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം പെണ്ണമ്മ ജോസഫ് യോഗത്തിൽ വിശദമായ നിർദേശങ്ങൾ സമർപ്പിച്ചു.
സമർപ്പിച്ച നിർദേശങ്ങളോട് കെ.എസ്.ഇ.ബി അധികൃതർ അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്. പാലാ മേഖലയിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് മുൻഗണന നൽകി പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഗ്രാമീണ മേഖലകളിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരമായി പുതിയ സെക്ഷൻ ഓഫീസുകൾ
നിലവിലുള്ള സെക്ഷൻ ഓഫീസുകളുടെ പ്രവർത്തനപരിധി കുറച്ച് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പുതിയ സെക്ഷൻ ഓഫീസുകൾ രൂപീകരിക്കാനുള്ള പദ്ധതികളും യോഗത്തിൽ അവതരിപ്പിച്ചു.
- കോണിപ്പാട് സെക്ഷൻ: ഈരാറ്റുപേട്ട സെക്ഷൻ വിഭജിച്ച് മേലുകാവ് പഞ്ചായത്ത് മേഖല ഉൾപ്പെടുത്തി പുതിയ സെക്ഷൻ ഓഫീസ് സ്ഥാപിക്കാൻ പദ്ധതി.
- കൊഴുവനാൽ സെക്ഷൻ: പൈക സെക്ഷൻ വിഭജിച്ച് മെഡിസിറ്റിക്ക് സമീപം പുതിയ കൊഴുവനാൽ സെക്ഷൻ ഓഫീസ് രൂപീകരിക്കാൻ പദ്ധതി.
പുതിയ സെക്ഷൻ ഓഫീസുകൾ നിലവിൽ വരുന്നതോടെ ഗ്രാമീണ മേഖലകളിലെ വൈദ്യുതി തടസ്സങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാനും ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പെണ്ണമ്മ ജോസഫ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സമർപ്പിച്ച നിർദേശങ്ങളും കെ.എസ്.ഇ.ബി തയ്യാറാക്കിയ വികസന പദ്ധതികളും പരിഗണിച്ച് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്ലാക്കൂട്ടം യോഗത്തിൽ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ ലീന വി. വർഗീസ് അടുത്ത അഞ്ച് വർഷത്തേക്കുള്ള വികസന പദ്ധതികൾ വിശദീകരിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ (സർക്കിൾ സെക്ഷൻ) മാത്തുക്കുട്ടി ജോർജ് മറുപടി പ്രസംഗം നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ഭരണങ്ങാനം ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം പെണ്ണമ്മ ജോസഫ്, പൂഞ്ഞാർ ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം ആർ. ശ്രീകല, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയ് സ്കറിയ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജയശ്രീ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പാലാ നിയോജകമണ്ഡലത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുക്കുകയും തങ്ങളുടെ പ്രദേശങ്ങളിലെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വികസന നിർദേശങ്ങളും സമർപ്പിക്കുകയും ചെയ്തു.
പാലാ നഗരത്തിലെയും സമീപ ഗ്രാമീണ മേഖലകളിലെയും ജനങ്ങൾ ദീർഘകാലമായി നേരിടുന്ന വൈദ്യുതി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള പ്രതീക്ഷ നൽകുന്നതായിരുന്നു അവലോകന യോഗം.















