ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ (SIR) നടപടികളിലൂടെ വോട്ടർമാരുടെ എണ്ണത്തിൽ 12.2 ശതമാനം കുറവ് രേഖപ്പെടുത്തി. 18.71 കോടിയിൽ നിന്നും 2.29 കോടി കുറഞ്ഞ് ആകെ വോട്ടർമാരുടെ എണ്ണം 16.43 കോടിയായാണ് ചുരുങ്ങിയത്. വോട്ടർപട്ടികയിൽ നിന്നു ഒഴിവാക്കപ്പെട്ടവരിൽ 90 ശതമാനവും ഉത്തർപ്രദേശിൽ നിന്നുള്ളവരാണ്.
യു.പിയിൽ 15.44 കോടിയിൽ നിന്നും 2.89 കോടി കുറഞ്ഞ് വോട്ടർമാർ 13.40 കോടിയായി. പഞ്ചാബിൽ 14 ലക്ഷം കുറഞ്ഞ് 2.01 കോടിയും ഉത്തരാഖണ്ഡിൽ 8 ലക്ഷം കുറഞ്ഞ് 72 ലക്ഷവുമായി. മണിപ്പൂരിൽ 1.30 ലക്ഷം വോട്ടർമാർ കുറഞ്ഞ് 19.61 ലക്ഷവും ഗോവയിൽ 1.27 ലക്ഷം കുറഞ്ഞ് 10.58 ലക്ഷവുമാണ് നിലവിലെ വോട്ടർമാരുടെ എണ്ണം. വരുന്ന ജനുവരി ഒന്നിന് മുൻപ് 18 വയസ് തികയുന്നവർക്ക് പട്ടികയിൽ പേര് ചേർക്കാമെന്ന് അധികൃതർ അറിയിച്ചു.
അതിനിടെ, ബംഗാളിലെ എസ്.ഐ.ആർ ട്രൈബ്യൂണലുകൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ്. അപ്പീലുകളിൽ ഒന്നിച്ച് ഉത്തരവുകൾ അപ്‌ലോഡ് ചെയ്യാൻ ജഡ്ജിമാർക്ക് ഡിജിറ്റൽ സിഗ്നേച്ചർ സംവിധാനമടക്കം ഏർപ്പെടുത്തും. കൂടാതെ, നിലവിലെ 13 രേഖകൾക്ക് പുറമേ മറ്റ് രേഖകളും അപ്‌ലോഡ് ചെയ്യാൻ ഇ.സി.ഐ (ECI) നെറ്റിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
അതേസമയം, എസ്.ഐ.ആറിലൂടെ ഒഴിവാക്കിയത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയാണെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണം വോട്ടർമാരെ അപമാനിക്കുന്നതാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഒഴിവാക്കപ്പെട്ട മൂന്ന് കോടി ജനങ്ങളും നുഴഞ്ഞുകയറ്റക്കാരാണെന്നതിന് അമിത് ഷാ തെളിവ് പുറത്തുവിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ബി.ജെ.പി നടത്തുന്ന പദയാത്രകൾ ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ തുടരുകയാണ്.















