പാലാ: ശബരിമല മണ്ഡലകാല തീർത്ഥാടനത്തോടനുബന്ധിച്ച് പ്രധാന ഇടത്താവളമായ പാലാ കടപ്പാട്ടൂർ ക്ഷേത്രത്തിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി അവലോകന യോഗം ചേർന്നു. ജോസ് കെ. മാണി എം.പി.യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാലാ നഗരസഭാ ചെയർപേഴ്സൺ മായ രാഹുൽ, ജില്ലാ പഞ്ചായത്തംഗം നിമ്മി ട്വിങ്കിൾ തുടങ്ങിയവരും വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങളാണ് കടപ്പാട്ടൂരിൽ ഒരുക്കുന്നത്. പ്ലാസ്റ്റിക് മാലിന്യ നിർമാർജനം, അനധികൃത കച്ചവടങ്ങൾ തടയൽ, ട്രാഫിക് കുരുക്ക് പരിഹരിക്കൽ, അയ്യപ്പഭക്തരുടെ സ്നാനത്തിനായുള്ള സൗകര്യങ്ങൾ എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നൽകാൻ യോഗത്തിൽ തീരുമാനമായി.
പോലീസ്, എക്സൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ലീഗൽ മെട്രോളജി, എം.എൽ.എ. ഓഫീസ് പ്രതിനിധികൾ, ഫയർഫോഴ്സ്, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. എന്നാൽ, തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏറെ പ്രധാനപ്പെട്ട പി.ഡബ്ല്യു.ഡി., കെ.എസ്.ആർ.ടി.സി., കെ.എസ്.ഇ.ബി. എന്നീ വകുപ്പുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തില്ല.















