മുത്തോലപുരം: ഇലഞ്ഞി ഗ്രാമപഞ്ചായത്തിലെ മുത്തോലപുരം വെട്ടിയോടി പാലത്തിന്റെ ഉദ്ഘാടനം സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് നിർവ്വഹിച്ചു. കാലപ്പഴക്കം കൊണ്ട് ജീർണ്ണാവസ്ഥയിലായ പാലം പുതുക്കിപ്പണിയണമെന്ന നാടിന്റെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നത്.
മുത്തോലപുരം മുദ്ദേവർ ക്ഷേത്രം, പാട്ടുപുരയ്ക്കൽ ഭഗവതി ക്ഷേത്രം, വിസാറ്റ് കോളേജ്, കൂരുമല ടൂറിസം തുടങ്ങി പ്രമുഖ കേന്ദ്രങ്ങളെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. ദിവസേന നൂറുകണക്കിന് വാഹനങ്ങളും വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാരും ആശ്രയിച്ചിരുന്ന പഴയ പാലത്തിന്റെ കൈവരികൾ തകരുകയും കോൺക്രീറ്റ് അടർന്ന് കമ്പികൾ തുരുമ്പിച്ച അവസ്ഥയിലുമായിരുന്നു. ബലക്ഷയം സംഭവിച്ച് അപകടാവസ്ഥയിലായ പാലം പുതുക്കിപ്പണിയാൻ ജനപ്രതിനിധികളും നാട്ടുകാരും അന്നത്തെ പിറവം എം.എൽ.എയായിരുന്ന അനൂപ് ജേക്കബിന് നിവേദനം നൽകിയിരുന്നു.
മുൻ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായിരുന്ന പ്രീതി അനിലിന്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച എം.എൽ.എ, സ്വന്തം ആസ്തി വികസന ഫണ്ടിൽ നിന്നും 27 ലക്ഷം രൂപ അനുവദിച്ചാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
ഉദ്ഘാടനച്ചടങ്ങിൽ ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ഷിബു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.പി. ജോസഫ് സ്വാഗതവും വൈസ് പ്രസിഡന്റ് ഡിൻസി ജോജി മുഖ്യപ്രഭാഷണവും നടത്തി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിജി പീറ്റർ, മോളി എബ്രഹാം, സുരേഷ് നാണുക്കുട്ടൻ, ജോയിസ് മാമ്പിള്ളി, മോളി ആന്റണി, റോസിലി സാബു, ജിൻസി സജി, സാജു പി.വി., സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി അരീക്കാട്ടേൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ തുടങ്ങിയവരും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ വിശിഷ്ട വ്യക്തികളും ചടങ്ങിൽ സംസാരിച്ചു















