ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് നടത്തിയ ലണ്ടൻ സന്ദർശനം വെറും ഒരു “വിനോദയാത്ര” (pleasure tour) മാത്രമായിരുന്നുവെന്ന രൂക്ഷ വിമർശനവുമായി ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ. യാത്രയിലൂടെ സംസ്ഥാനത്തേക്ക് പുതിയ വ്യവസായ നിക്ഷേപങ്ങൾ കൊണ്ടുവന്നുവെന്ന സർക്കാരിന്റെ അവകാശവാദങ്ങൾ പൂർണ്ണമായും അസത്യമാണെന്നും അദ്ദേഹം ആരോപിച്ചു.
ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് നൈനാർ നാഗേന്ദ്രൻ മുഖ്യമന്ത്രി വിജയ്ക്കെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ടത്:
“മുഖ്യമന്ത്രി വിജയ് നടത്തിയ ലണ്ടൻ യാത്രയെ ഒരു വിനോദയാത്രയായി മാത്രമേ കാണാൻ കഴിയൂ. തമിഴ്നാട്ടിലേക്ക് വലിയ തോതിൽ നിക്ഷേപങ്ങൾ കൊണ്ടുവന്നുവെന്നത് നട്ടാൽ മുളക്കാത്ത നുണയാണ്. നിലവിലുള്ള കമ്പനികളെ കാണിച്ചാണ് പുതിയ വ്യവസായ നിക്ഷേപങ്ങൾ എത്തിച്ചതായി തമിഴ്നാട് സർക്കാർ വ്യാജ പ്രചാരണം നടത്തുന്നത്.”
മത്സ്യത്തൊഴിലാളി വിരുദ്ധ നയമെന്നും ആരോപണം
സിനിമകളിലെ വിജയിന്റെ കഥാപാത്രങ്ങളെയും നിലവിലെ ഭരണപരമായ തീരുമാനങ്ങളെയും ഉപമിച്ച് സംസാരിച്ച ബി.ജെ.പി നേതാവ്, സെക്രട്ടേറിയറ്റ് നിർമ്മാണ വിഷയത്തിലും വിജയിയെ വിമർശിച്ചു.
സിനിമയിൽ മത്സ്യത്തൊഴിലാളികളുടെ സുഹൃത്തായി അഭിനയിച്ച വിജയ്, മുഖ്യമന്ത്രിയായപ്പോൾ പട്ടനപ്പാക്കത്ത് സെക്രട്ടേറിയറ്റ് നിർമ്മിച്ച് പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്ക് എതിരായി പ്രവർത്തിക്കുകയാണെന്ന് നൈനാർ നാഗേന്ദ്രൻ കുറ്റപ്പെടുത്തി. സ്വാതന്ത്ര്യസമര സേനാനി എസ്.എസ്. രാമസാമി പടയാച്ചിയാരുടെ 109-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഗിണ്ടിയിൽ നടന്ന ചടങ്ങിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലണ്ടനിലെ പരിപാടി റദ്ദാക്കി
അതിനിടെ, ലണ്ടനിലുള്ള തമിഴ് സമൂഹത്തെ അഭിസംബോധന ചെയ്യാൻ നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രി വിജയിന്റെ പൊതുപരിപാടി ലണ്ടൻ മെട്രോപൊളിറ്റൻ പോലീസിന്റെ നിർദ്ദേശപ്രകാരം റദ്ദാക്കി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് പരിപാടി മാറ്റിവെച്ചതെന്ന് വിജയിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ X-ലൂടെ അറിയിച്ചു. മുഖ്യമന്ത്രി താമസിക്കുന്ന ഹോട്ടലിന് മുന്നിലോ യാത്ര ചെയ്യുന്ന വഴികളിലോ ആളുകൾ തടിച്ചുകൂടരുതെന്നും പാർട്ടി പ്രവർത്തകരോടും തമിഴ് വംശജരോടും അഭ്യർത്ഥിച്ചിട്ടുണ്ട്.















