പാലാ: ഇന്ത്യയിലെ കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ സേവ്യർ ബോർഡിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ (പ്ലാറ്റിനം ജൂബിലി) ഭാഗമായി പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ സേവ്യർ ബോർഡ് വാരാചരണത്തിന് തുടക്കമായി. സെപ്തംബർ 7 മുതൽ 11 വരെ നീണ്ടുനിൽക്കുന്ന വാരാചരണത്തിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
സേവ്യർ ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് 2026 നവംബറിൽ പാലാ സെന്റ് ജോസഫ്സ് കോളേജ് വേദിയാകും. ചടങ്ങിൽ സേവ്യർ ബോർഡ് സ്ഥാപകരായ റവ. ഫാ. ജെറോം ഡിസൂസ, റവ. ഫാ. മെൽക്കിയോർ എം. ബാലഗെർ, റവ. ഫാ. ജോൺ വള്ളമറ്റം, ഡോ. വി.വി. ജോൺ എന്നിവരെ തിരിതെളിയിച്ച് അനുസ്മരിച്ചു.
ഉദ്ഘാടന ചടങ്ങിൽ കോളേജ് ഡയറക്ടറും സേവ്യർ ബോർഡ് ദേശീയ ജോയിന്റ് സെക്രട്ടറിയുമായ റവ. പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത് അധ്യക്ഷത വഹിച്ചു. പാലാ രൂപതാ മുഖ്യ വികാരി ജനറലും കോളേജ് ചെയർമാനുമായ മോൺ. ഡോ. ജോസഫ് തടത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. വി. പി. ദേവസ്യ, വൈസ് പ്രിൻസിപ്പൽ റവ. ഡോ. ജോസഫ് പുരയിടത്തിൽ, കോളേജ് ബർസാർ റവ. ഡോ. ജോർജ് കാരംവേലിൽ, ക്ലിനിക്കൽ ഡയറ്റീഷൻ ജിൻസി ജോയി തുടങ്ങിയവർ സംസാരിച്ചു.















