പാലാ: കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷവും വനിതാ വിംഗ് ജില്ലാ വാർഷിക സമ്മേളനവും നാളെ (സെപ്റ്റംബർ 12, ശനി) പാലായിൽ നടക്കും. പാലാ ഓശാന മൗണ്ട് ഓപ്പൺ ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്കാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 9 മണിക്ക് രജിസ്ട്രേഷനോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് നടക്കുന്ന ചടങ്ങിൽ പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ എം.ജെ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് കെ.കെ. ഫിലിപ്പുകുട്ടി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ് സ്വാഗതം ആശംസിക്കും.
കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ മുഖ്യപ്രഭാഷണവും കായിക അവാർഡ് ദാനവും നിർവ്വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എം.ആർ റസാക്ക് ഓണാഘോഷ സന്ദേശം നൽകും. വനിതാ വിംഗ് ജില്ലാ വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന വനിതാ വിംഗ് പ്രസിഡന്റ് ആശാ ലില്ലി തോമസും, സന്ദേശം സംസ്ഥാന വനിതാ വിംഗ് സെക്രട്ടറി മായാ സുനിലും നൽകും. സംസ്ഥാന ട്രഷറർ ബിജു ലാൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും.
ചടങ്ങിൽ അസീസ് മൂസ, അനിൽ സി.കെ, എൻ. പ്രതീഷ്, റഹ്മത്ത് ബാബു, മുഹമ്മദ് ഷെരീഫ്, ടി.സി അൻസാരി, ബോംബി തോമസ്, ബിന്ദു ജീവൻ, ബിജോയ് വി. ജോർജ്ജ്, ബേബി തോമസ്, എബി ജേക്കബ്, സുരേഷ് എം.പി തുടങ്ങിയ നേതാക്കൾ ആശംസകൾ അർപ്പിക്കും. ജില്ലാ ട്രഷറർ മനോജ് കുമാർ പി നന്ദി രേഖപ്പെടുത്തും.
തുടർന്ന് ആദിത്യ നാരായൺ എസ്, ആനന്ദ നാരായൺ എസ് എന്നിവർ അവതരിപ്പിക്കുന്ന “തുഫാൻ ഉണർവ്വ്” – ജീവിതമാണ് ലഹരി എന്ന ലഹരിവിരുദ്ധ സന്ദേശ പരിപാടിയും, വിപുലമായ ഓണസദ്യയും വിവിധ ഓണാഘോഷ പരിപാടികളും സമ്മാനദാനവും നടക്കും.















