ഹോർമൂസ് കടലിടുക്കിന് പിന്നാലെ തന്ത്രപ്രധാന സമുദ്രപാതയായ ബാബ് അൽ മൻദബ് കൂടി അടച്ചിട്ടാൽ ആഗോള സാമ്പത്തിക മേഖലയ്ക്ക് അത് താങ്ങാനാകില്ലെന്ന് ഖത്തർ. സമുദ്ര സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാൻ രാജ്യാന്തര സമൂഹം ഉടനടി ഒന്നിക്കണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ജലപാതകൾ അടച്ചിടുന്നത് ഖത്തറിനും രാജ്യാന്തര സമൂഹത്തിനും ഒരുപോലെ
അസ്വീകാര്യമാണെന്നും, സമാധാന ശ്രമങ്ങൾക്കായി ഒരു നിമിഷം പോലും പാഴാക്കില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം മാധ്യമ വിഭാഗം ഡയറക്ടർ വ്യക്തമാക്കി. അതിനിടെ, ബാബ് അൽ മൻദബ് മേഖലയിൽ ഹൂതി വിമതർ മൈനുകൾ സ്ഥാപിക്കുന്നതായും നിരീക്ഷണത്തിനായി ട്രഞ്ചുകൾ നിർമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത് ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതത്തിന് വൻ
ഭീഷണിയുയർത്തുന്നു. അതേസമയം, ആക്രമണങ്ങളിൽ നിന്ന് പ്രതിരോധം തീർക്കുന്നതിനായി പുതിയ ഭൂഗർഭ ആണവനിലയങ്ങളുടെ നിർമാണം ആരംഭിക്കാൻ ഇറാൻ തീരുമാനിച്ചതും പശ്ചിമേഷ്യയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.















