സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലമാറ്റത്തിൽ ഭരണസിരാകേന്ദ്രത്തിൽ കടുത്ത അതൃപ്തി. മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കാതെ സിവിൽ സർവീസ് ബോർഡ് ചേരാതെയാണ് കഴിഞ്ഞ ദിവസം മണിക്കൂറുകൾക്കുള്ളിൽ അടിയന്തര സ്ഥലമാറ്റ ഉത്തരവിറക്കിയതെന്നാണ് പ്രധാന വിമർശനം.
മുമ്പ് സിവിൽ സർവീസ് ബോർഡ് ചേരാതെ നടത്തിയ സ്ഥലമാറ്റത്തിനെതിരെ ബി. അശോക് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ബോർഡ് ചേർന്നുമാത്രമേ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം പാടുള്ളൂ എന്ന് കോടതി കർശന നിർദ്ദേശം നൽകിയിരുന്നതാണ്. ഇത് ലംഘിച്ചുകൊണ്ടാണ് നിലവിലെ അഴിച്ചുപണി നടന്നിരിക്കുന്നത്.















