പാലാ: കാർഷിക രംഗത്ത് ശാസ്ത്ര സാങ്കേതിക വിജ്ഞാനം ഫലപ്രദമായി വിനിയോഗിച്ച് സ്മാർട്ട് കൃഷിയിലൂടെ മികച്ച ഉൽപ്പാദനക്ഷമത ഉറപ്പാക്കണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. തരിശുനിലം കണ്ടാൽ അരിശം വന്നിരുന്ന പൂർവ്വിക പാരമ്പര്യം നാം തിരിച്ചറിയണമെന്നും, മനുഷ്യസാമൂഹ്യ നിർമ്മിതിയിൽ വൈദികർക്ക് സമാനമായി അധ്യാപകർക്കും വലിയ പങ്കുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
പാലാ രൂപതാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും രൂപതാ കോർപ്പറേറ്റീവ് എഡ്യുക്കേഷൻ ഏജൻസിയും ചേർന്ന് നടപ്പിലാക്കുന്ന “കുട്ടികളും കൃഷിയിലേക്ക്” പദ്ധതിയുടെ ഉദ്ഘാടനം ബിഷപ്പ് ഹൗസ് ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്പക്കാരെ നാട്ടിൽ തന്നെ കാർഷിക സംരംഭകരാക്കി മാറ്റാനും കാർഷിക മേഖലയ്ക്കും സിവിൽ സർവീസ് മേഖലയ്ക്കും പ്രാധാന്യം നൽകാനും സമൂഹം തയ്യാറാകണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
ചടങ്ങിൽ രൂപതയിലെ സ്കൂളുകളിൽ നിന്നുള്ള ചിൽഡ്രൻസ് ഫാർമേഴ്സ് ക്ലബ്ബ് ചുമതലക്കാരായ അധ്യാപകരുടെ സമ്മേളനവും സ്കൂൾ ക്യാമ്പസുകളിലേക്ക് ആവശ്യമായ പച്ചക്കറിത്തൈകളുടെ സൗജന്യ വിതരണവും ബിഷപ്പ് നിർവ്വഹിച്ചു. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷത വഹിച്ചു. റിട്ടയേഡ് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർളി സഖറിയ നൂതന കാർഷിക മുറകളെ സംബന്ധിച്ച് ക്ലാസ്സെടുത്തു.















