പാലാ: പാലാ രൂപതയിലെ പ്രശസ്തമായ അന്ത്യാളം പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാളും മത്തായി നാമധാരികളുടെ സംഗമവും 2026 സെപ്റ്റംബർ 20 ഞായറാഴ്ച ആഘോഷമായി നടക്കും. തിരുനാളിന് ഒരുക്കമായുള്ള വി. കുർബാനയും നൊവേനയും ലദീഞ്ഞും സെപ്റ്റംബർ 10 വ്യാഴാഴ്ച മുതൽ സെപ്റ്റംബർ 21 തിങ്കളാഴ്ച വരെ പള്ളിയിൽ നടക്കും.
പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 20 ഞായറാഴ്ച വൈകുന്നേരം 3.30-നാണ് മത്തായി നാമധാരികളുടെ അപൂർവ്വ സംഗമം ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് വൈകുന്നേരം 4 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനയ്ക്കും സന്ദേശത്തിനും പാലാ രൂപത മുൻ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ മുഖ്യകാർമ്മികത്വം വഹിക്കും. വൈകുന്നേരം 6 മണിക്ക് തിരുനാൾ പ്രദക്ഷിണവും 7.30-ന് അമല കമ്മ്യൂണിക്കേഷൻ കാഞ്ഞിരപ്പള്ളി അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
സെപ്റ്റംബർ 18-ന് കൊടിയേറ്റോടെ ആഘോഷമായ തിരുനാൾ ചടങ്ങുകൾക്ക് തുടക്കമാകും. 19-ന് ജപമാല പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും. പ്രധാന തിരുനാളിന് മുന്നോടിയായി ദിവസവും വൈകുന്നേരങ്ങളിൽ പ്രത്യേക കുർബാനയും നൊവേനയും സന്ദേശവും വിവിധ വൈദികരുടെ നേതൃത്വത്തിൽ നടക്കും. സെപ്റ്റംബർ 21 തിങ്കളാഴ്ച മരിച്ചവരുടെ ഓർമ്മദിനമായി ആചരിച്ച് തിരുനാൾ ചടങ്ങുകൾ സമാപിക്കും. വികാരി ഫാ. ജോസഫ് ചെറുകരകുന്നേലിന്റെയും കൈക്കാരന്മാരുടെയും നേതൃത്വത്തിൽ തിരുനാൾ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.















