ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപം ഹെലികോപ്റ്റർ തകർന്നുവീണ് ആറ് മരണം. ബദരീനാഥിൽ നിന്ന് ഫാറ്റയിലേക്ക് പറന്ന ഹെലികോപ്റ്ററാണ് തകർന്നു വീണത്. പൈലറ്റ് ഉൾപ്പെടെ ആറ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ആരെയും രക്ഷിക്കാനായില്ല. മരിച്ചവരിൽ കർണാടക
പൊലീസിലെ ഉദ്യോഗസ്ഥനുമുണ്ട്. സെൻട്രൽ ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ അരുൺ സോളങ്കി ആണ് മരിച്ചത്. എച്ച് എസ് നടരാജ, പ്രതാപ് ഗൗഡ, അഡ്വക്കേറ്റ് സുധീപ്, ശങ്കർ ഗൗഡ എന്നിവരാണ് അപകടത്തിൽപ്പെട്ട മറ്റുള്ളവർ. ചാർധം യാത്രയ്ക്കായി പോയ സുഹൃത്തുക്കളാണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്ററിന്‍റെ പൈലറ്റ് ദില്ലി സ്വദേശി ഹിമാൻഷു സബർബാളും മരിച്ചു.
ഹെലികോപ്റ്റർ കാണാതായി എന്നാണ് ആദ്യം പുറത്തുവന്ന വിവരം. ഹെലികോപ്റ്റർ തകർന്ന് വീണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. മേഖലയിൽ രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സേനയെ വിന്യസിച്ചെങ്കിലും ആരേയും രക്ഷപ്പെടുത്താനായില്ല.















