ന്യൂഡൽഹി/പട്ന: വ്യാജ രേഖകൾ ഉപയോഗിച്ച് അനധികൃതമായി സിം കാർഡുകൾ ആക്റ്റിവേറ്റ് ചെയ്ത് സൈബർ തട്ടിപ്പുകാർക്ക് നൽകിയ കേസിൽ ഒരു മൊബൈൽ ഓപ്പറേറ്റർ പ്രതിനിധിയെയും വിതരണക്കാരനെയും സി.ബി.ഐ (CBI) അറസ്റ്റ് ചെയ്തു. ബിഹാറിൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് ശൃംഖലയെക്കുറിച്ച് കേന്ദ്ര അന്വേഷണ ഏജൻസിക്ക് വിവരങ്ങൾ ലഭിച്ചത്.
വ്യാജ തിരിച്ചറിയൽ രേഖകളും വ്യാജ വിവരങ്ങളും ഉപയോഗിച്ച് ആയിരക്കണക്കിന് പ്രീപേഡ് സിം കാർഡുകളാണ് ഇവർ വഴിവിട്ട് ആക്റ്റിവേറ്റ് ചെയ്തത്. ഈ സിം കാർഡുകൾ പിന്നീട് വലിയ തോതിലുള്ള സാമ്പത്തിക സൈബർ തട്ടിപ്പുകൾക്കും ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുമായി സംഘടിത സൈബർ കുറ്റവാളികൾക്ക് കൈമാറുകയായിരുന്നു.
സംഭവത്തിൽ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്യുകയും ബിഹാറിലെ വിവിധ ഇടങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തു. പിടിച്ചെടുത്ത രേഖകളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാജ്യവ്യാപകമായി നടക്കുന്ന സൈബർ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി വ്യാജ സിം വിതരണ ശൃംഖലകൾക്കെതിരെ സി.ബി.ഐ നടപടി കർശനമാക്കിയിട്ടുണ്ട്.















