കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്ത് നിന്ന് എം.ജി. രാജമാണിക്യത്തെ മാറ്റിയത് ടെൻഡറില്ലാതെ സ്വകാര്യ കമ്പനിയിൽ നിന്ന് 1,600 കോടി രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ള നീക്കത്തെ എതിർത്തതിനാലെന്ന് വിവരം. സ്വകാര്യ ഇടപാടിന് വഴങ്ങാതിരുന്നതും ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്നതാണ് ലാഭകരമെന്ന നിലപാട് എടുത്തതുമാണ് അടിയന്തര സ്ഥാനചലനത്തിന് കാരണമായത്.
നിലവിൽ മുഖ്യമന്ത്രിക്ക് താൽപ്പര്യമുള്ള എൻ. പ്രശാന്തിനെയാണ് പുതിയ കെ.എസ്.ഇ.ബി ചെയർമാനായി നിയമിച്ചിരിക്കുന്നത്. പുനീത് കുമാറിന് ഊർജ്ജ വകുപ്പിന്റെ ചുമതലയും നൽകി.
ജി.എൻ.എ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് ടെൻഡറില്ലാതെ 5 മാസത്തേക്ക് 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നിർദ്ദേശത്തിന് ചെയർമാൻ വഴങ്ങിയിരുന്നില്ല. യൂണിറ്റിന് 8.63 രൂപ നിരക്കിൽ 1,566 കോടി രൂപയാകുമെങ്കിലും പീക്ക് സമയത്തെ കുറവ് നികത്താൻ ഇത് പര്യാപ്തമല്ലെന്നും തത്സമയ വിപണിയിൽ നിന്ന് അധിക തുക നൽകി വൈദ്യുതി വാങ്ങേണ്ടി വരുമെന്നും കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടി.
അതേസമയം, ഹിമാചലിൽ നിന്നുള്ള വൈദ്യുതിയാണെങ്കിൽ പീക്ക് സമയത്ത് കൂടുതൽ ലഭിക്കുമെന്നും യൂണിറ്റിന് 14.50 രൂപ നിരക്കിൽ മാർച്ച് വരെ 1,281 കോടി രൂപ മാത്രമേ ചെലവാകൂ എന്നും കെ.എസ്.ഇ.ബി നിലപാടെടുത്തു. കെ.എസ്.ഇ.ബിയുടെ ഈ നിലപാടിനെ പിന്തുണച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അടിയന്തര തീരുമാനത്തിനായി ഫയൽ കഴിഞ്ഞ 19-ന് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നെങ്കിലും ദിവസങ്ങളോളം തീരുമാനം വൈകുകയായിരുന്നു. ഈ വടംവലികൾക്കൊടുവിലാണ് എം.ജി. രാജമാണിക്യത്തെ പദവിയിൽ നിന്ന് മാറ്റിയത്.















