പാലാ ഉപജില്ലാ സ്കൂൾ കലോത്സവമായ ‘ചിലമ്പൊലി 2026’-ന് ആവേശം പകർന്ന് ഭരണങ്ങാനത്ത് വർണ്ണശഭളമായ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികളും അധ്യാപകരും കലാസ്നേഹികളും അണിനിരന്ന ഘോഷയാത്ര തെരുവുകളെ ഉത്സവലഹരിയിലാഴ്ത്തി.
നിശ്ചല ദൃശ്യങ്ങളും വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും വിളംബര ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.
കൗമാര കലാമാമാങ്കത്തിന് ഭരണങ്ങാനത്ത് വേദികൾ പൂർണ്ണമായും സജ്ജമാണെന്ന പ്രഖ്യാപനവുമായാണ് വിളംബര ഘോഷയാത്ര തെരുവീഥികളെ സജീവമാക്കിയത്.
സബ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കുരുന്നു പ്രതിഭകളാണ് വരും ദിവസങ്ങളിൽ നടക്കുന്ന കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതിയുടെ നേതൃത്വത്തിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.















