കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലും ആകാശവാണി ഭവന് മുന്നിൽ നടന്ന പ്രതിഷേധത്തിലും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്. അനുമതിയില്ലാതെ മാർച്ച് നടത്തുകയും ക്രമസമാധാനം തകർത്ത് ആകാശവാണി ഭവനിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി പോലീസ് എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്തത്.
മാർച്ചിനിടെ സുരക്ഷാ നിർദ്ദേശങ്ങൾ മറികടന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും കെട്ടിടത്തിനുള്ളിലേക്ക് ബലമായി പ്രവേശിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്ത രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുൾപ്പെടെ 260 ഓളം വരുന്ന ജനപ്രതിനിധികളെയും പ്രവർത്തകരെയും പിന്നീട് പോലീസ് വിട്ടയച്ചു. അതിനിടെ ശനിയാഴ്ച ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുമായി ചേർന്ന് നടത്താനിരിക്കുന്ന പ്രക്ഷോഭം തടയാൻ ഡൽഹി പോലീസ് ശ്രമിക്കുന്നതായി സി.ജെ.പി (CJP) ആരോപിച്ചു.
നേതാക്കളുടെ അറസ്റ്റിലും കേന്ദ്ര പോലീസ് നടപടിയിലും പ്രതിഷേധിച്ച് പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം കടുപ്പിക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കം. വരാനിരിക്കുന്ന രാജ്യവ്യാപക പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുന്നതിനായി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് ഇന്ത്യാ സഖ്യ നേതാക്കളുടെ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്.















