ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിലെ സേവനകാലത്തെ സാമ്പത്തിക ക്രമക്കേട് ആരോപണം പുറത്ത്. മുൻപ് കേരളത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായിരിക്കെ (MD) സ്വകാര്യ പേപ്പർ കമ്പനിക്ക് നിയമവിരുദ്ധമായി കരാർ നൽകി ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ഗ്യാനേഷ് കുമാറിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന ശുപാർശയടങ്ങിയ ഫയൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തിയിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല.
1992-93 കാലഘട്ടത്തിൽ SC/ST വികസന കോർപ്പറേഷന് കീഴിൽ കൊമേഴ്സ്യൽ സെന്റർ സ്ഥാപിക്കുന്നതിനായി പേപ്പർ കമ്പനിക്ക് നൽകിയ 9,06,783 രൂപയുടെ കരാറിലാണ് വൻ ക്രമക്കേട് നടന്നത്. വ്യവസ്ഥ പ്രകാരം 25 ശതമാനം തുക മാത്രം അഡ്വാൻസ് നൽകേണ്ട സ്ഥാനത്ത് 90 ശതമാനം തുകയും ഗ്യാനേഷ് കുമാർ കമ്പനിക്ക് മുൻകൂറായി അനുവദിച്ചു. എന്നാൽ കമ്പനി കരാർ പ്രകാരമുള്ള ഇലക്ട്രോണിക് സാധനങ്ങൾ നൽകുകയോ പദ്ധതി പൂർത്തിയാക്കുകയോ ചെയ്തില്ല. ഇതുമൂലം കോർപ്പറേഷന് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടായെന്ന് വിജിലൻസ് സ്ഥിരീകരിച്ചു.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 2022-ലാണ് ഗ്യാനേഷ് കുമാറിനും അന്നത്തെ പ്രോജക്ട് ഓഫീസർ ബാലഭാസ്കറിനുമെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്ത് അന്നത്തെ പട്ടികജാതി/പട്ടികവർഗ്ഗ ഭരണവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ മുഖ്യമന്ത്രിക്ക് ഫയൽ അയച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഫയലിൽ പിന്നീട് യാതൊരു നടപടിയും സ്വീകരിക്കാതെ വെളിച്ചം കാണാതെ പോവുകയായിരുന്നു.















