കാണക്കാരി: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ശ്രദ്ധേയമായ നേട്ടം കരസ്ഥമാക്കി കാണക്കാരി ഗവ. വി.എച്ച്.എസ്.ഇ (VHSE) അധ്യാപകൻ. സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപകനായ അനീഷിനാണ് ടീച്ചിങ് എയ്ഡ് നിർമ്മാണത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിച്ചത്.
കാഴ്ചപരിമിതി, കേൾവിപരിമിതി, ശാരീരിക പരിമിതി തുടങ്ങി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി (സി.ഡബ്ല്യു.എസ്.എൻ – CWSN വിഭാഗം) തയ്യാറാക്കിയ നൂതന പഠനസഹായ ഉപകരണമാണ് അനീഷിനെ ഈ സംസ്ഥാനതല അംഗീകാരത്തിന് അർഹനാക്കിയത്. കൈകളും കാഴ്ചയുമില്ലാത്ത കുട്ടികൾക്ക് പോലും ഭൗതികശാസ്ത്രം എങ്ങനെ ലളിതമായി പഠിച്ചെടുക്കാം എന്നതിനെ ആസ്പദമാക്കിയായിരുന്നു ഈ ടീച്ചിങ് എയ്ഡിന്റെ നിർമ്മാണം.
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പഠനത്തിൽ വലിയ ആത്മവിശ്വാസവും ഉന്മേഷവും പകരുന്നതാണ് ഈ വേറിട്ട പഠനരീതി. സംസ്ഥാനതലത്തിൽ മികച്ച നേട്ടം കൈവരിച്ച അനീഷിനെ സ്കൂൾ അധികൃതരും അധ്യാപകരും പി.ടി.എയും അഭിനന്ദിച്ചു.
















