കൊഴുവനാൽ: എസ്.എം.വൈ.എം (SMYM) കൊഴുവനാൽ ഫൊറോനയുടെ നേതൃത്വത്തിൽ ഫൊറോനയിലെ എല്ലാ യൂണിറ്റുകളിലെയും യുവജനങ്ങൾ ചേർന്ന് എട്ട് മാസം കൊണ്ട് പകർത്തിയെഴുതിയ സമ്പൂർണ്ണ ബൈബിൾ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു. കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് സൺഡേ സ്കൂൾ ഹാളിൽ നടന്ന ഫൊറോന വാർഷികാഘോഷമായ ‘യൂണിസൺ 2K26’-ൽ (UNISON 2K26) അൽഫോൻസാഗിരി യൂണിറ്റ് ഡയറക്ടർ ഫാ. ജോൺ കൂറ്റാരപ്പള്ളിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.
ദൈവവചനത്തോടുള്ള സ്നേഹവും വിശ്വാസജീവിതത്തിലെ സമർപ്പണവും പുതുതലമുറയിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചത്. ഡിജിറ്റൽ കാലഘട്ടത്തിൽ ദൈവവചനവുമായി കൂടുതൽ ആഴത്തിൽ ബന്ധപ്പെടാനും വചനവായനയിലൂടെ വിശ്വാസജീവിതം ശക്തിപ്പെടുത്താനും ഇതിലൂടെ യുവജനങ്ങൾക്ക് അവസരമൊരുങ്ങി.
ഫൊറോന രക്ഷാധികാരി ഫാ. ജോസ് നെല്ലിക്കത്തെരുവിൽ, ഫൊറോന ഡയറക്ടർ ഫാ. ജോൺ വയലിൽ, രൂപത ജോയിന്റ് ഡയറക്ടർ സിസ്റ്റർ നവീന CMC, ഫൊറോന ജോയിന്റ് ഡയറക്ടർ സിസ്റ്റർ ശോഭിത SMS, ഫൊറോന പ്രസിഡന്റ് ജിന്റാ ജോസഫ് എന്നിവർ നേതൃത്വം നൽകി. വിവിധ യൂണിറ്റുകളിലെ യുവജനങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ പൂർത്തിയായ ഈ സംരംഭം വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും സമർപ്പണത്തിന്റെയും ശ്രദ്ധേയമായ സാക്ഷ്യമായി മാറിയെന്ന് ഫൊറോന സമിതി അറിയിച്ചു.
















