തിരുവനന്തപുരം: ബി.ജെ.പിയിൽ നിന്ന് രാജിവെച്ച പത്മജ വേണുഗോപാലിന്റെ കോൺഗ്രസിലേക്കുള്ള മടക്കത്തിൽ എ.ഐ.സി.സി നിലപാട് തേടിയ ശേഷം അന്തിമ തീരുമാനമെടുക്കാൻ കെ.പി.സി.സി. ഹൃദയത്തിന്റെ ഭാഷയിലുള്ള ക്ഷമാപണം മതിയെന്ന നിലപാടിലാണ് കെ.പി.സി.സി അധ്യക്ഷൻ ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കൾ. അതേസമയം, പത്മജ ബി.ജെ.പിയെ പരസ്യമായി തള്ളിപ്പറയണമെന്നും ഇനിയും കാത്തിരിക്കണമെന്നും ആവശ്യപ്പെടുന്നവരും പാർട്ടിയിലുണ്ട്. അടുത്ത മാസം ലീഡർ കെ. കരുണാകരന്റെ സ്മൃതിദിനത്തിന് മുമ്പ് പത്മജ കോൺഗ്രസിലേക്ക് തിരിച്ചെത്താനാണ് സാധ്യത.
ബി.ജെ.പിയിലേക്ക് പോയതിൽ മുറിവേറ്റ കോൺഗ്രസിനോടും പ്രവർത്തകരോടും ഹൃദയത്തിന്റെ ഭാഷയിൽ പത്മജ ക്ഷമാപണം നടത്തിയിരുന്നു. ഈ ക്ഷമാപണം മതിയെന്നും പാർട്ടിയിലേക്ക് മടങ്ങിവരുന്നവർക്ക് ഉപാധികൾ വെക്കുന്ന ശൈലി കോൺഗ്രസിനില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം. എങ്കിലും ഹൈക്കമാൻഡുമായി ആലോചിച്ച് വേണം അന്തിമ തീരുമാനമെടുക്കാനെന്ന അഭിപ്രായമാണ് ഉയരുന്നത്.
പരസ്യമായി ബി.ജെ.പിയെ തള്ളിപ്പറയണമെന്ന് എതിർവിഭാഗം ക്ഷമാപണത്തിന് അപ്പുറം പത്മജ ഇനിയും ബി.ജെ.പിയെ തള്ളിപ്പറയാത്തതാണ് എതിർക്കുന്നവർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. മുൻപത്തെ മോദി സ്തുതിയിലടക്കം പരസ്യമായ തിരുത്തൽ വേണമെന്നാണ് ഇവരുടെ ആവശ്യം. ബി.ജെ.പി വിട്ട് ഒരു മാപ്പ് പറഞ്ഞ് കോൺഗ്രസിലേക്ക് അതിവേഗം മടങ്ങുന്നത് സി.പി.എം രാഷ്ട്രീയ ആയുധമാക്കിയതും ഇവർ ഉയർത്തിക്കാട്ടുന്നു. പത്മിനി തോമസിന് ഉപാധികൾ വേണ്ട, എന്നാൽ നിർണ്ണായക ഘട്ടത്തിൽ പാർട്ടിയെ മുറിവേൽപ്പിച്ച് പോയ പത്മജയ്ക്ക് ഉപാധികൾ വേണമെന്നാണ് ഇവരുടെ നിലപാട്. എങ്കിലും എതിർപ്പുകൾ അധികം നീളാനിടയില്ലെന്നും അടുത്ത മാസം 23-ന് ലീഡറുടെ സ്മൃതിദിനത്തിന് മുമ്പ് റീ-എൻട്രിയിൽ തീരുമാനമുണ്ടാകുമെന്നുമാണ് സൂചന.
















