കൊച്ചി: കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കുന്നതിന് നിലവിൽ മുൻഗണനയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ എയിംസ് അനുവദിക്കാനാണ് താത്പര്യമെന്നും, ആരോഗ്യ മേഖലയിൽ മുൻപന്തിയിലുള്ള കേരളത്തിന് നിലവിൽ മുൻഗണന നൽകാനാവില്ലെന്നുമാണ് കേന്ദ്രം വ്യക്തമാക്കിയത്.
എന്നാൽ കേന്ദ്ര സർക്കാരിന്റെ ഈ നിലപാടിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചു. ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് കേരളത്തിന് ഒരു അയോഗ്യതയാണോ എന്ന് കോടതി ചോദിച്ചു. ഉയർന്ന ജനസാന്ദ്രതയുള്ള സംസ്ഥാനമായ കേരളത്തിൽ എയിംസ് അത്യന്താപേക്ഷിതമാണ്. എല്ലാവർക്കും വൻകിട സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആരോഗ്യരംഗത്ത് മുന്നിലായിരുന്നിട്ടും ഡൽഹിയിൽ എങ്ങനെയാണ് എയിംസ് വന്നതെന്നും ഹൈക്കോടതി ചോദിച്ചു. കാസർഗോഡ് എയിംസ് ജനകീയ കൂട്ടായ്മ നൽകിയ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക പരാമർശങ്ങൾ.















