മേലുകാവ്: കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ESA) കരട് പട്ടികയിൽ മേലുകാവ് വില്ലേജ് ഉൾപ്പെട്ട പശ്ചാത്തലത്തിൽ, പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിക്കുന്നതിനായി മേലുകാവ് ഗ്രാമപഞ്ചായത്തിന്റെ സ്പെഷ്യൽ ഗ്രാമസഭ ഇന്ന് ചേരും.
ഉച്ചയ്ക്ക് 2 മണിക്ക് മേലുകാവുമറ്റം സാന്തോം പാരിഷ് ഹാളിലാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. ഗ്രാമസഭ സ്വീകരിക്കുന്ന നിർദ്ദേശങ്ങളും ക്രോഡീകരിച്ച വിവരങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ടായി സമർപ്പിക്കും.
യോഗത്തിൽ കോട്ടയം എം.പി. അഡ്വ. ഫ്രാൻസിസ് ജോർജ്, രാജ്യസഭാ എം.പി. ജോസ് കെ. മാണി, പാലാ എം.എൽ.എ. മാണി സി. കാപ്പൻ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ തുടങ്ങിയ ജനപ്രതിനിധികളും പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ടോമി, സെക്രട്ടറി രതീഷ് പി.എൻ., വാർഡ് മെമ്പർമാർ എന്നിവരും പങ്കെടുക്കും. പ്രദേശവാസികൾ ഏവരും നിർണ്ണായകമായ ഈ ഗ്രാമസഭയിൽ പങ്കെടുക്കണമെന്ന് പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിച്ചു.















