സ്റ്റോക്‌ഹോം: വൈദ്യശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം മൂന്ന് ന്യൂറോ ശാസ്ത്രജ്ഞർ പങ്കിട്ടു. മസ്തിഷ്കത്തിലെ വ്യക്തിഗത നാഡീകോശങ്ങളുടെ പ്രവർത്തനങ്ങളെ വെളിച്ചം ഉപയോഗിച്ച് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒപ്റ്റോജനറ്റിക്സ് എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത ഗവേഷണത്തിനാണ് അംഗീകാരം. അമേരിക്കൻ ശാസ്ത്രജ്ഞനായ കാൾ ഡെയ്സെറോത്ത് (54), ജർമൻ ശാസ്ത്രജ്ഞരായ പീറ്റർ ഹെഗെമാൻ (71), ജോർജ് നാഗെൽ (73) എന്നിവരാണ് ഈ വർഷത്തെ പുരസ്കാരം പങ്കിട്ടത്.
സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ നൊബേൽ അസംബ്ലിയാണ് ഇന്നലെ പുരസ്കാരം പ്രഖ്യാപിച്ചത്. കലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലാണ് ഡെയ്സെറോത്ത് പ്രവർത്തിക്കുന്നത്.
ഹെഗെമാൻ ബെർലിനിലെ ഹംബോൾട്ട് സർവകലാശാലയിലും നാഗെൽ ജർമനിയിലെതന്നെ വുർഡ്സ്ബർഗ് സർവകലാശാലയിലുമാണ് പ്രവർത്തിക്കുന്നതെന്ന് നൊബേൽ സമിതി അറിയിച്ചു. 1.2 കോടി സ്വീഡിഷ് ക്രോണർ (1.2 ദശലക്ഷം യുഎസ് ഡോളർ) അടങ്ങുന്നതാണ് പുരസ്കാരം.
വെളിച്ചത്തോട് പ്രതികരിക്കുന്ന പ്രോട്ടീനുകളെയും അയോൺ ചാനലുകളെയും കുറിച്ചുള്ള ഇവരുടെ കണ്ടെത്തലാണ് നാഡീശാസ്ത്രരംഗത്ത് വൻ വിപ്ലവത്തിനു വഴിതെളിച്ചത്. ജീവനുള്ള മസ്തിഷ്കത്തിലെ പ്രത്യേക നാഡീകോശങ്ങളെ ആവശ്യാനുസരണം നിഷ്ക്രിയമാക്കാനും ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും.
മസ്തിഷ്കത്തിന്റെ സങ്കീർണമായ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും പാർക്കിൻസൺസ്, വിഷാദരോഗം, ഭയം തുടങ്ങിയ നാഡീവ്യൂഹസംബന്ധമായ രോഗങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനും ലോകമെമ്പാടുമുള്ള ലബോറട്ടറികളിൽ ഇന്ന് ഒപ്റ്റോജനറ്റിക്സ് വ്യാപകമായി ഉപയോഗിച്ചുവരുന്നു.















