തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം സൈബർ തട്ടിപ്പിലൂടെ മലയാളികൾക്ക് നഷ്ടമായത് 420 കോടി രൂപയെന്ന് കേരള പൊലീസ്. സൈബർ തട്ടിപ്പും ഹവാല ഇടപാടുകളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് സൈബർ ഓപ്പറേഷൻസ് ഐ.ജി പി. പ്രകാശ് വ്യക്തമാക്കി. പരിവാഹൻ സൈറ്റിൽ നിന്ന് ഡേറ്റകൾ ചോരുന്നുണ്ടെന്നും, സൈബർ തട്ടിപ്പ് സംഘങ്ങൾ കോളേജ് വിദ്യാർത്ഥികളെ സ്വാധീനിച്ച് ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കെടുക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
മിക്ക തട്ടിപ്പുകൾക്കും പിന്നിൽ ചൈനീസ് സംഘങ്ങളാണുള്ളത്. കഴിഞ്ഞ കുറച്ചു നാളുകളായി പരിവാഹൻ സൈറ്റുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകൾ അയച്ചാണ് വലിയ രീതിയിൽ തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തിൽ വരുന്ന മെസ്സേജുകളിലെ ലിങ്കുകൾ ഒരിക്കലും തുറക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
മ്യൂൾ അക്കൗണ്ടുകളും വിദ്യാർത്ഥികളും മ്യൂൾ അക്കൗണ്ടുകൾ വഴിയാണ് തട്ടിപ്പ് ഏറെയും നടക്കുന്നത്. അതിനാൽ യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നത് ശ്രമകരമാണ്. പോക്കറ്റ് മണിക്കായി കോളേജ് വിദ്യാർത്ഥികൾ തട്ടിപ്പുകാർക്ക് അക്കൗണ്ടുകൾ തുറന്നുനൽകി കൂട്ടുനിൽക്കുന്നുണ്ട്. തട്ടിപ്പ് പണം ഈ അക്കൗണ്ടുകളിലേക്കാണ് എത്തുന്നത്; ഇതിന് വിദ്യാർത്ഥികൾക്ക് കമ്മീഷൻ ലഭിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളുടെ ഭാഗമാകരുതെന്ന് ഐ.ജി പി. പ്രകാശ് അഭ്യർത്ഥിച്ചു. തട്ടിപ്പ് പണം ക്രിപ്റ്റോകറൻസിയായും ഹവാല വെളുപ്പിക്കാനുമാണ് ഉപയോഗിക്കുന്നത്. കേരളത്തിലും ചൈനീസ് സംഘങ്ങൾക്ക് സഹായം നൽകുന്നവരുണ്ടെന്നും എല്ലാ തട്ടിപ്പുകാരെയും വലയിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പൊലീസ് നിർദ്ദേശങ്ങൾ:
- അറിയാത്ത നമ്പറുകളിൽ നിന്ന് വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
- ഒ.ടി.പി (OTP), പിൻ നമ്പർ എന്നിവ ആരുമായും പങ്കുവയ്ക്കരുത്.
- അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് അറിഞ്ഞാലുടൻ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിക്കണം.
















