ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും സമാജ്വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവും തമ്മിലുള്ള വാക്പോര് കടുക്കുന്നു. ബി.ജെ.പിക്കെതിരെ തുടർച്ചയായി കടുത്ത ആരോപണങ്ങൾ ഉന്നയിക്കുന്ന അഖിലേഷ് യാദവിനെ അയോധ്യയിൽ നേരിട്ട് മത്സരിക്കാൻ വെല്ലുവിളിച്ച് യോഗി ആദിത്യനാഥ് രംഗത്തെത്തി.
അയോധ്യയിൽ തനിക്കെതിരെ നേർക്കുനേർ മത്സരിക്കാൻ അഖിലേഷ് യാദവിന് ധൈര്യമുണ്ടോയെന്നാണ് യോഗി ആദിത്യനാഥ് ചോദിച്ചത്. അഖിലേഷ് യാദവ് അയോധ്യയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയാണെങ്കിൽ താനും അവിടെത്തന്നെ പത്രിക നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നേർക്കുനേർ പോരാട്ടത്തിന് ഇറങ്ങാനുള്ള ധൈര്യം അഖിലേഷ് യാദവിനില്ലെന്നും അദ്ദേഹം പരിഹസിച്ചു.
മുൻപ് സംസ്ഥാനം ഭരിച്ച സമാജ്വാദി പാർട്ടി മാഫിയകളെ ഉപയോഗിച്ച് ഉത്തർപ്രദേശിന്റെ വികസനത്തെ പിന്നോട്ടടിച്ചവരാണെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. എസ്.പി ഭരണകാലത്ത് യുവാക്കളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കിയെന്നും സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ അപകടത്തിലാക്കിയെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂരിൽ നടത്തിയ റോഡ് ഷോയിൽ അഖിലേഷ് യാദവ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് അയോധ്യയിൽ മത്സരിക്കാൻ തയ്യാറാണോ എന്ന ചോദ്യവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരിക്കുന്നത്.
















