പത്തനംതിട്ട: ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് പൂർണമായിട്ടും ദർശനത്തിന് എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതിൽ അസ്വാഭാവികതയുണ്ടോ എന്ന് അന്വേഷിക്കാൻ ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർദ്ദേശിച്ചു. എ.ഡി.ജി.പി പി. വിജയനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടുമാണ് ഇക്കാര്യത്തിൽ അടിയന്തരമായി അന്വേഷണം നടത്താൻ മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരുടെ എണ്ണവും യഥാർത്ഥത്തിൽ ദർശനത്തിന് എത്തിയവരുടെ എണ്ണവും തമ്മിൽ വലിയ അന്തരമാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ദിവസവും വെർച്വൽ ക്യൂ വഴി 66,000 തീർത്ഥാടകർക്കാണ് ശബരിമലയിൽ ദർശനത്തിന് അവസരമുള്ളത്. ജനുവരി 9 വരെയുള്ള എല്ലാ ദിവസത്തേക്കും വെർച്വൽ ക്യൂ ബുക്കിങ് ഇതിനോടകം പൂർത്തിയായിട്ടുണ്ട്. എന്നാൽ, വ്യാഴാഴ്ച ശബരിമലയിൽ ദർശനത്തിനെത്തിയത് 46,603 തീർത്ഥാടകർ മാത്രമാണ്. ബുധനാഴ്ചയും വെർച്വൽ ക്യൂ ബുക്കിങ് പൂർണമായിരുന്നെങ്കിലും 37,000 തീർത്ഥാടകർ മാത്രമാണ് സന്നിധാനത്ത് എത്തിയത്. ബുക്കിങ് പൂർണമായിട്ടും ഇത്രയധികം തീർത്ഥാടകർ എത്താത്തതിന് പിന്നിൽ കൃത്രിമമോ മറ്റ് കാരണങ്ങളോ ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്.
















