തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും അതിരൂക്ഷമായി വിമർശിച്ച് എൽ.പി.എസ്.ടി (LPST) റാങ്ക് ജേതാക്കൾ രംഗത്ത്. സമരം ഒത്തുതീർപ്പാക്കാൻ നടത്തിയ ചർച്ചകൾ വെറും നാടകമാണെന്നും പ്രശ്നപരിഹാരം ബോധപൂർവം നീട്ടിക്കൊണ്ടുപോകുകയാണെന്നും ഉദ്യോഗാർത്ഥികൾ ആരോപിച്ചു.
സർക്കാർ എടുത്ത നിലപാട് തങ്ങളുടെ പ്രതീക്ഷ ഇല്ലാതാക്കിയെന്നും, 1:25 എന്ന അധ്യാപക-വിദ്യാർത്ഥി അനുപാതം നടപ്പാക്കാൻ അനുമതി നൽകാത്തതിന് കാരണം മുഖ്യമന്ത്രിയുടെ നിർദ്ദേശമാണെന്നും സമരക്കാർ കുറ്റപ്പെടുത്തുന്നു. സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്ത മുഖ്യമന്ത്രി തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് ഏറെ വിഷമിപ്പിച്ചുവെന്നും അവർ പ്രതികരിച്ചു. ചർച്ച മുന്നൊരുക്കമില്ലാതെയാണ് നടത്തിയതെന്ന് ആരോപിച്ച സമരക്കാർ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സമരത്തിന്റെ മുഖമായി മാറിയ എസ്. വളർമതി ഒറ്റയ്ക്ക് ചർച്ചയിൽ പങ്കെടുക്കണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യമെന്നും സമരക്കാർ ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയ ശേഷം റിട്ടയർമെന്റ് ഒഴിവുകൾ നൽകാമെന്ന ഫോർമുലയാണ് മുന്നോട്ടുവച്ചത്. പ്രശ്നപരിഹാരത്തിന് ഒരാഴ്ച സമയം ചോദിച്ചത് സർക്കാരിന്റെ ഗൂഢനീക്കമാണെന്നും ഇനിയും സമയം ആവശ്യപ്പെടുമോ എന്ന ആശങ്കയുണ്ടെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു. കണ്ണിൽ ചോരയില്ലാത്ത നയമാണ് സർക്കാരിന്റേതെന്നും പ്രശ്നം ബോധപൂർവം നീട്ടിക്കൊണ്ടുപോവുകയാണെന്നും റാങ്ക് ഹോൾഡേഴ്സ് വിമർശിച്ചു.
















