തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറി സേവിംഗ്സ് ബാങ്കിലെ (TSB) മരണപ്പെട്ട നിക്ഷേപകരുടെ അക്കൗണ്ടിലുള്ള പണം അവകാശികൾക്ക് കൈമാറുന്നതിനുള്ള തുകയുടെ പരിധി സർക്കാർ ഉയർത്തി. സാധാരണക്കാരായ നിക്ഷേപകരുടെ കുടുംബാംഗങ്ങൾക്ക് കോടതി നടപടികളുടെ കാലതാമസമില്ലാതെ വേഗത്തിൽ പണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന പരിഷ്കാരം.
പുതിയ ഉത്തരവ് പ്രകാരം, തഹസിൽദാരുടെ പക്കൽ നിന്ന് ലഭിക്കുന്ന അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കി ട്രഷറി ഓഫീസർ വഴി നേരിട്ട് പിൻവലിക്കാവുന്ന തുകയുടെ പരിധി മൂന്ന് ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായാണ് വർദ്ധിപ്പിച്ചത്.
കൂടാതെ, ട്രഷറി ഡയറക്ടറുടെ അനുമതിയോടെ കൈമാറാവുന്ന തുകയുടെ പരിധി അഞ്ച് ലക്ഷം രൂപയിൽ നിന്ന് പത്ത് ലക്ഷം രൂപയായും ഉയർത്തിയിട്ടുണ്ട്. അതേസമയം, പത്ത് ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപമുള്ള അക്കൗണ്ടുകളിലെ തുക കൈമാറുന്നതിന് നിലവിലുള്ളതുപോലെ സിവിൽ കോടതിയുടെ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നിർബന്ധമായി തുടരും.
















