ദില്ലി: 2027-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം 320-ലധികം സീറ്റുകൾ നേടുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദം ദുരൂഹമാണെന്ന് കോൺഗ്രസ്. വോട്ടർ പട്ടികയിൽ നിന്ന് ഹിന്ദു വോട്ടുകൾ വ്യാപകമായി വെട്ടിമാറ്റപ്പെട്ടുവെന്ന് മുഖ്യമന്ത്രി തന്നെ ആരോപിക്കുമ്പോൾ, എങ്ങനെയാണ് 320 സീറ്റുകൾ നേടുമെന്ന് ഇത്ര ഉറപ്പോടെ പറയാനാകുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു.
ലഖ്നൗവിൽ നടന്ന ‘ന്യൂസ് 18 റൈസിംഗ് ഭാരത് സമ്മിറ്റിൽ’ സംസാരിക്കവെയാണ് 403 അംഗ നിയമസഭയിൽ എൻ.ഡി.എ സഖ്യം 320-ലധികം സീറ്റുകൾ നേടി തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് യോഗി ആദിത്യനാഥ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ദില്ലിയിൽ മാധ്യമങ്ങളെ കണ്ട പവൻ ഖേര രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.
“അവർക്ക് 320 സീറ്റുകൾ ലഭിക്കുമോ? അതോ 100 സീറ്റുകൾ കുറയുമോ? ആരായിരിക്കും മുഖ്യമന്ത്രി? വോട്ടർ പട്ടികയിൽ നിന്ന് ഹിന്ദു വോട്ടുകൾ വെട്ടിമാറ്റപ്പെട്ടുവെന്നാണ് യോഗി ആദിത്യനാഥ് തന്നെ ആരോപിക്കുന്നത്. എന്നിട്ടും 320 സീറ്റുകൾ ലഭിക്കുമെന്ന് പറയുന്നതിനർത്ഥം എന്തോ ധാരണകൾ നടന്നിട്ടുണ്ടെന്നും, ഫലം എന്താകുമെന്ന് അവർക്ക് മുൻകൂട്ടി അറിയാമെന്നുമാണ്,” പവൻ ഖേര ആരോപിച്ചു.
ഉത്തർപ്രദേശിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (SIR) പിന്നാലെ 1.27 കോടിയോളം ഹിന്ദു വോട്ടർമാരെ പട്ടികയിൽ നിന്ന് കാണാതായെന്ന് യോഗി ആദിത്യനാഥ് നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ, ബുധനാഴ്ച നടന്ന പരിപാടിയിൽ വോട്ടർ പട്ടികയുടെ ‘ശുദ്ധി’ ഉറപ്പാക്കാൻ ഈ പരിഷ്കരണം സ്വാഗതാർഹമാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ ഈ നിലപാടുമാറ്റത്തെയും കോൺഗ്രസ് ചോദ്യം ചെയ്യുന്നുണ്ട്.
















