തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിന്റെയും കിർത്താഡ്സിന്റെയും (KIRTADS) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘പൈതൃകോത്സവം 2026-27’ ഉത്പന്ന പ്രദർശന-വിപണന മേള ഡിസംബർ 15 മുതൽ 26 വരെ പാലക്കാട് നടക്കും. മേളയിൽ സ്റ്റാളുകൾ ലഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
പാരമ്പര്യ ഉത്പന്നങ്ങളുടെ ഉത്പാദനത്തിലേർപ്പെട്ടിട്ടുള്ള പട്ടികജാതി വിഭാഗത്തിലെ വ്യക്തികൾക്കും സംരംഭകർ, സൊസൈറ്റികൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവയ്ക്കും മേളയിൽ പങ്കെടുക്കാം.
താല്പര്യമുള്ളവർ നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ ഉത്പന്നങ്ങളുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ, അപേക്ഷകരുടെ പൂർണ്ണ മേൽവിലാസം, ജാതി സർട്ടിഫിക്കറ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഡിസംബർ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുൻപായി അപേക്ഷിക്കണം. അപേക്ഷകൾ അയക്കേണ്ട വിലാസം: ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, കനക നഗർ, വെള്ളയമ്പലം, തിരുവനന്തപുരം – 695003.
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും പട്ടികജാതി വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫീസുമായോ അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. അപേക്ഷാഫോം www.scdd.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2315375.
















