ദില്ലി: വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (PUC) സംബന്ധിച്ച നിയമങ്ങളിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർണ്ണായക മാറ്റങ്ങൾ വരുത്തി. വാഹനത്തിന്റെ നിലവാരം, പഴക്കം, സ്വകാര്യ-വാണിജ്യ ഉപയോഗം എന്നിവ കണക്കാക്കിയാകും ഇനി മുതൽ സർട്ടിഫിക്കറ്റ് നൽകുക.
പുതിയ നിയമപ്രകാരം, 6 വർഷം വരെ പഴക്കമുള്ള സ്വകാര്യ ബി.എസ്-6 (BS-VI) വാഹനങ്ങൾക്ക് ഇനി മുതൽ 3 വർഷത്തേക്ക് പി.യു.സി സർട്ടിഫിക്കറ്റ് ലഭിക്കും. ബി.എസ്-4 (BS-IV) വിഭാഗത്തിലുള്ള വാഹനങ്ങൾ ഓരോ 6 മാസത്തിലും പുകപരിശോധന നടത്തണം. എന്നാൽ ബി.എസ്-1, ബി.എസ്-2, ബി.എസ്-3 വിഭാഗങ്ങളിൽപ്പെട്ട വാഹനങ്ങൾക്ക് ഇനി മുതൽ ഓരോ 3 മാസത്തിലും പുകപരിശോധന നടത്തി സർട്ടിഫിക്കറ്റ് പുതുക്കേണ്ടതുണ്ട്.
2017 ഏപ്രിൽ 1-ന് മുൻപ് നിർമ്മിച്ചതോ രജിസ്റ്റർ ചെയ്തതോ ആയ മിക്കവാറും എല്ലാ വാഹനങ്ങളും (കാർ, ബൈക്ക്, ഓട്ടോറിക്ഷ, ലോറി, ബസ്) ബി.എസ്-3 അല്ലെങ്കിൽ അതിന് മുൻപുള്ള വിഭാഗങ്ങളിലാണ് ഉൾപ്പെടുന്നത്. ഇവയ്ക്കെല്ലാം 3 മാസത്തെ കാലാവധിയാണ് ബാധകമാകുക. കാലാവധി കഴിഞ്ഞ പി.യു.സി സർട്ടിഫിക്കറ്റുമായി വാഹനം നിരത്തിലിറക്കിയാൽ മോട്ടോർ വാഹന നിയമം സെക്ഷൻ 190(2) പ്രകാരം 10,000 രൂപ വരെ പിഴയും 3 മാസം വരെ ലൈസൻസ് സസ്പെൻഷനും ലഭിക്കാൻ സാധ്യതയുണ്ട്.
















