ന്യൂഡൽഹി: അർഹതയുള്ള ഏതൊരു പൗരനും അവരുടെ ഭരണഘടനാപരമായ വോട്ടവകാശം നഷ്ടപ്പെടാൻ ഇടയാകരുതെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (CBCI). ജനാധിപത്യ തത്വങ്ങളും മൂല്യങ്ങളും എല്ലാ തലങ്ങളിലും കൃത്യമായി സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട സിബിസിഐ, ഇലക്ഷൻ കമ്മീഷൻ യാതൊരുവിധ പക്ഷപാതവുമില്ലാതെ തികച്ചും നിഷ്പക്ഷമായി പ്രവർത്തിക്കണമെന്നും വ്യക്തമാക്കി.
വോട്ടർ പട്ടിക സംബന്ധിച്ച് ക്രമക്കേട് ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രതികരണം. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമായും സുതാര്യവും നീതിയുക്തവുമായിരിക്കണം. ജനാധിപത്യ സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം നിലനിർത്താൻ കമ്മീഷൻ നിർണ്ണായക ഇടപെടലുകൾ നടത്തണമെന്നും സിബിസിഐ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.















