സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുനിന്ന് ശനിയാഴ്ച വൻതോതിൽ തീയും കറുത്ത പുകപടലങ്ങളും ഉയർന്നതായി റിപ്പോർട്ട്. വിമാനത്താവളത്തിലേക്കുള്ള പ്രധാന ഹൈവേ, ടെർമിനൽ കെട്ടിടങ്ങൾ എന്നിവയ്ക്ക് പശ്ചാത്തലത്തിൽ വലിയ തോതിൽ പുക ഉയർന്നുവരുന്ന ദൃശ്യങ്ങളും ചിത്രങ്ങളും റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു. എയർപോർട്ടിന് സമീപമുള്ള സൗദി ആരാംകോയുടെ (Aramco) ഫ്യുവൽ ടാങ്കിനാണ് തീപിടിച്ചതെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ശനിയാഴ്ച പുലർച്ചെ വൻ ശബ്ദം കേൾക്കുന്നതിന് തൊട്ടുമുമ്പ് റിയാദിലും സമീപ പ്രദേശമായ അൽ ഖർജിലും സൗദി സിവിൽ ഡിഫൻസ് ഫോണുകൾ വഴി അടിയന്തര ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു. ‘വ്യോമാക്രമണ ഭീഷണിയുണ്ട്, എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിൽ തുടരുക’ എന്ന സന്ദേശമാണ് ലഭിച്ചതെന്ന് റിയാദിലെ സ്വദേശികളും റോയിട്ടേഴ്സ് ലേഖകരും സ്ഥിരീകരിച്ചു. അതിരാവിലെയോടെ എല്ലാ മേഖലകളും സുരക്ഷിതമാണെന്ന് വ്യക്തമാക്കി സിവിൽ ഡിഫൻസ് ഓൾ-ക്ലിയർ സന്ദേശം നൽകുകയും ചെയ്തു.
സംഭവത്തെ തുടർന്ന് കിങ് ഖാലിദ് വിമാനത്താവളത്തിൽ നിന്നുള്ള നിരവധി സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. രാത്രിയിലുണ്ടായ ജാഗ്രതാ നിർദ്ദേശങ്ങളെക്കുറിച്ചോ പുക ഉയർന്ന സാഹചര്യത്തെക്കുറിച്ചോ ചോദ്യങ്ങളോട് സൗദി ഔദ്യോഗിക വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. യെമനിലെ ഹൂതി വിഭാഗവുമായുള്ള സംഘർഷം ശക്തമായ പശ്ചാത്തലത്തിലാണ് തലസ്ഥാന നഗരിയിൽ ജാഗ്രതാ നിർദ്ദേശം എത്തിയത്.















