തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (SETC) ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് അരയ്ക്ക് താഴേക്ക് തളർന്ന മലയാളി വിദ്യാർത്ഥിനിക്ക് 2.60 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി. മണ്ണഞ്ചേരി സ്വദേശിനിയായ ഗൗരിനന്ദയ്ക്ക് (24) നഷ്ടപരിഹാരം നൽകാനാണ് ആലപ്പുഴ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ (MACT) ഉത്തരവിട്ടത്. തമിഴ്നാട് കോർപ്പറേഷനാണ് ഈ തുക നൽകേണ്ടത്.
2023 നവംബർ 11-നായിരുന്നു കേസിനാസ്പദമായ ദാരുണ സംഭവം. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (VIT) എം.എസ്.സി ഫിസിക്സ് വിദ്യാർത്ഥിനിയായിരുന്ന ഗൗരിനന്ദ പഠനാവശ്യത്തിനായി ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. തമിഴ്നാട് വാണിയമ്പാടി ചെട്ടിയപ്പനൂർ മേൽപ്പാലത്തിന് സമീപം വെച്ച് ഗൗരിനന്ദ സഞ്ചരിച്ചിരുന്ന ബസിലേക്ക് തമിഴ്നാട് കോർപ്പറേഷന്റെ ബസ് നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്ന് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു.
അപകടത്തിൽ രണ്ട് വാഹനങ്ങളിലുമായി 4 പേർ മരണപ്പെടുകയും 16-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗൗരിനന്ദയെ വെല്ലൂർ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ എത്തിച്ച് തീവ്ര പരിചരണം നൽകിയെങ്കിലും അരയ്ക്ക് താഴേക്ക് തളർന്ന് ചലനശേഷി പൂർണ്ണമായി നഷ്ടപ്പെടുകയായിരുന്നു. വാദിക്കായി അഭിഭാഷകരായ ജോസ് വൈ. ജെയിംസ്, കെ.പി. ജോബി എന്നിവർ കോടതിയിൽ ഹാജരായി.















