ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് (എൽ.ഐ.സി) 2,684 കോടി രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിവെച്ച സംഭവത്തിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് സി.ബി.ഐ. റിലയൻസ് ക്യാപിറ്റൽ ചെയർമാൻ അനിൽ അംബാനി, മാനേജിങ് ഡയറക്ടർ സതീശ് സേട്ട് എന്നിവർക്കെതിരെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
റിലയൻസ് ക്യാപിറ്റലിന്റെ കടപത്രങ്ങളിലായി എൽ.ഐ.സി 3,900 കോടി രൂപ നിക്ഷേപിച്ചിരുന്നു. എന്നാൽ നിക്ഷേപിച്ച തുകയിൽ ഭൂരിഭാഗവും തിരികെ നൽകിയില്ലെന്ന് മാത്രമല്ല, തുക വകമാറ്റി ചെലവഴിക്കുകയും വഞ്ചന നടത്തുകയും ചെയ്തുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സാമ്പത്തിക ക്രമക്കേടും വഞ്ചനാക്കുറ്റവും ചൂണ്ടിക്കാട്ടിയാണ് നടപടി. കേസിന് ആസ്പദമായ പരാതിയിൽ സി.ബി.ഐ നേരത്തെ എട്ട് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.















