കണ്ണൂർ താഴെ ചൊവ്വയിൽ കെ.എസ്.യു പ്രവർത്തകനെ തടഞ്ഞുനിർത്തി മർദിച്ച സംഭവത്തിൽ 8 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ട് കോളേജ് വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന കണ്ണൂർ കാട്ടാംപള്ളി സ്വദേശിയായ പി. അഭിനവിനാണ് മർദനമേറ്റത്.
സ്കൂട്ടർ തടഞ്ഞുനിർത്തിയ സംഘം താക്കോൽ ഊരിയെടുത്ത ശേഷം സ്റ്റീൽ വളയും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പരിക്കേറ്റ അഭിനവിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, കായംകുളം എം.എസ്.എം കോളേജിലെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ഉണ്ടായ കെ.എസ്.യു – എസ്.എഫ്.ഐ സംഘർഷത്തിൽ 4 എസ്.എഫ്.ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. 50-ലധികം കണ്ടാലറിയാവുന്ന എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പോലീസിനെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രകടനത്തിനിടെ കോൺഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായതിനെ തുടർന്നാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.















