വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ ഉയർന്ന തീരുവ ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റിന് പൂർണ്ണ അധികാരം നൽകുന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നു. യുഎസ് ജനപ്രതിനിധി സഭ പാസാക്കിയ നിർണായക ബില്ലിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതോടെയാണ് നിയമം ഔദ്യോഗികമായി നിലവിൽ വന്നത്.
ഇതോടെ റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന തുടങ്ങിയ പ്രമുഖ രാജ്യങ്ങൾക്ക് മേൽ കടുത്ത നികുതി ചുമത്താനുള്ള അധികാരം ട്രംപിന് ലഭിച്ചു. ഏതൊക്കെ രാജ്യങ്ങൾക്ക് മേൽ എത്ര ശതമാനം തീരുവ ചുമത്തണമെന്ന കാര്യത്തിൽ ഇനി ട്രംപിന്റെ തീരുമാനം നിർണായകമായിരിക്കും. അന്താരാഷ്ട്ര തലത്തിൽ റഷ്യൻ എണ്ണവ്യാപാരത്തിന് തടയിടാനും റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകൾ അടയ്ക്കാനും ലക്ഷ്യമിട്ടാണ് അമേരിക്കയുടെ ഈ കടുത്ത നടപടി.















