കോഴിക്കോട്: മിൽമ മലബാർ മേഖല യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്നും ഇതിനെതിരെ ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും മിൽമ
ചെയർമാൻ കെ.എസ്. മണി. നടപടിക്രമങ്ങളോ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് ക്ഷീരവികസന വകുപ്പ് യൂണിയൻ പിരിച്ചുവിട്ടതെന്നും, ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ തങ്ങൾക്ക് വിശദീകരണം നൽകാൻ അവസരം നൽകിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
പിരിച്ചുവിടലിന് ആധാരമായ ആരോപണങ്ങൾ വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോർട്ട് പോലും ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മലപ്പുറം ഡയറിയുടെ ഉദ്ഘാടനത്തിനായി ഒന്നര കോടി രൂപ ചെലവഴിച്ചതിൽ യാതൊരു അപാകതയുമില്ലെന്ന് വ്യക്തമാക്കിയ കെ.എസ്. മണി, പുതിയ പാൽപ്പൊടിയുടെ പ്രചാരണത്തിനും പരസ്യത്തിനും വേണ്ടിയാണ് ഈ തുക വിനിയോഗിച്ചതെന്നും അറിയിച്ചു. വിഷയത്തിൽ കോടതി തീരുമാനമനുസരിച്ച് ശക്തമായ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















