തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഉയർന്നു വന്ന ഗുരുതരമായ കൈക്കൂലി ആരോപണത്തിൽ അന്വേഷണത്തിന് അനുമതി നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കരാറുകാരൻ സാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. തുടരന്വേഷണത്തിനായുള്ള ഫയൽ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി.
പി.ഡബ്ല്യു.ഡി (PWD) സെക്രട്ടറിയായിരിക്കെ കെ.എസ്.ടി.പി (KSTP) പദ്ധതിയിൽ ബില്ലുകൾ മാറുന്നതിനായി ആത്മഹത്യ ചെയ്ത ലീ സി. ബിന്നിൽ നിന്ന് ഗ്യാനേഷ് കുമാർ രണ്ട് കോടി രൂപ കൈക്കൂലി ചോദിച്ചെന്നാണ് സാജന്റെ വെളിപ്പെടുത്തൽ.
കരാർ കമ്പനിയായ പതിബെലിന്റെ പ്രോജക്ട് മാനേജരായിരുന്നു ലീ സി. ബിൻ. ഇദ്ദേഹത്തിന്റ കമ്പനിയിലെ ഉപകരാറുകാരനായിരുന്നു പരാതിക്കാരനായ സാജൻ. ബില്ലുകൾ പാസാക്കാൻ ഗ്യാനേഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടതും 17 കോടി രൂപയുടെ ബില്ലുകൾ ബോധപൂർവ്വം തടഞ്ഞുവെച്ചതും മൂലം ലീ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് സാജൻ വ്യക്തമാക്കുന്നു.
മുമ്പ് നടന്ന വിജിലൻസ് അന്വേഷണം ഗ്യാനേഷ് കുമാറിനെ വെള്ളപൂശാൻ വേണ്ടിയുള്ളതായിരുന്നുവെന്നും കേസിൽ സമഗ്രമായ വിജിലൻസ് അന്വേഷണം വേണമെന്നും സാജൻ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി അനുമതി നൽകിയതോടെ കേസിൽ ഉടൻ തുടരന്വേഷണം ആരംഭിക്കുമെന്നാണ് കരുതുന്നത്.















