പാലാ: ഇന്ത്യയിലെ കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇൻ ഇന്ത്യയുടെ (XBHEI) പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും 2026-ലെ വാർഷിക പൊതുയോഗവും നവംബർ 6, 7, 8 തീയതികളിലായി പാലാ സെന്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ (SJCET) നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ വിചക്ഷണരും പ്രതിനിധികളും പങ്കെടുക്കും.
നവംബർ 6-ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സി.ബി.സി.ഐ (CBCI) പ്രസിഡന്റും ഹൈദരാബാദ് ആർച്ച് ബിഷപ്പുമായ കർദിനാൾ ആന്റണി പൂള, കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ എന്നിവർ മുഖ്യാതിഥികളായിരിക്കും.
സേവ്യർ ബോർഡ് പ്രസിഡന്റ് ഡോ. ഫാ. പ്രവീൺ മാർട്ടിസ് എസ്.ജെ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് ഏലിയാസ് ഗോൺസാൽവസ് അനുഗ്രഹ പ്രഭാഷണവും പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ജൂബിലി സന്ദേശവും നൽകും. പ്ലാറ്റിനം ജൂബിലി സുവനീറും ചരിത്ര പുസ്തക പ്രകാശനവും ചടങ്ങിൽ നടക്കും.
രണ്ടാം ദിനമായ നവംബർ 7-ന് ഡോ. എ.പി.ജെ അബ്ദുൾ കലാം സെന്റർ സ്ഥാപകൻ ശ്രിജൻ പാൽ സിംഗ്, ക്വാണ്ടം യുഗവും എ.ഐയും വിഷയമാക്കി എ.എച്ച് സാഗർ, ഡോ. ഫാ. തോമസ് സി. മാത്യു, കെ.എസ്.ഇ.ആർ.സി ചെയർമാൻ ടി.കെ ജോസ് ഐ.എ.എസ് എന്നിവർ വിവിധ അക്കാദമിക് സെഷനുകളിൽ പ്രഭാഷണം നടത്തും. വൈകുന്നേരം വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ അണിനിരക്കുന്ന കലാപരിപാടികളും നടക്കും. നവംബർ 8-ന് വാർഷിക പൊതുയോഗത്തിന് (AGM) ശേഷം ഉച്ചയ്ക്ക് 12-ന് സമാപന സമ്മേളനത്തോടെ ആഘോഷങ്ങൾ അവസാനിക്കും.















