ന്യൂഡൽഹി: വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രധാനമന്ത്രി മൗനം തുടരുകയാണെന്ന് രാഹുൽ പരിഹസിച്ചു. ആരാണ് ദേശദ്രോഹി, ആർക്കാണ് വിദേശ ശക്തികളുമായി ബന്ധമുള്ളത് എന്ന് ഒരു മേശയ്ക്കിപ്പുറവും അപ്പുറവുമിരുന്ന് ചർച്ച ചെയ്യാൻ തയ്യാറാണോ എന്നും മാധ്യമങ്ങളും ജനങ്ങളും അത് കേൾക്കട്ടെയെന്നും അദ്ദേഹം ചോദിച്ചു.
വിദേശ ശക്തികളുടെ സഹായത്തോടെയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുന്നതെന്ന് കഴിഞ്ഞ ദിവസം രാഹുൽ ആരോപിച്ചിരുന്നു. എന്നാൽ, രാഹുൽ ഗാന്ധിയുടെ വരാനിരിക്കുന്ന അമേരിക്കൻ സന്ദർശനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടാണ് ബി.ജെ.പി ഇതിനോട് തിരിച്ചടിച്ചത്.
ഈ മാസം 16 മുതൽ 19 വരെ രാഹുൽ ഗാന്ധി അമേരിക്കൻ പര്യടനത്തിലായിരിക്കുമെന്നും, വോട്ട് ചോർച്ചയല്ല സ്വന്തം വ്യക്തിപരമായ അജണ്ടകളാണ് അദ്ദേഹത്തിന് പ്രധാനമെന്നും ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി പരിഹസിച്ചു.
അതേസമയം, നവംബർ 16 മുതൽ 19 വരെയുള്ള തീയതികളിൽ ന്യൂയോർക്കിലും ചിക്കാഗോയിലുമായി രാഹുൽ ഗാന്ധിക്ക് പരിപാടികളുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങളും സ്ഥിരീകരിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവിനെ രാജ്യദ്രോഹിയെന്ന് ബി.ജെ.പി വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ഇരു പാർട്ടികളും തമ്മിൽ വിദേശബന്ധത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് കടുത്തത്.















