ചെന്നൈ: അടിയന്തരാവസ്ഥക്കാലത്തെ മിസ (MISA) തടവിലിനെക്കുറിച്ചുള്ള തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ അസംബ്ലി പരാമർശങ്ങൾക്ക് മറുപടിയുമായി ഡിഎംകെ അധ്യക്ഷൻ എം. കെ. സ്റ്റാലിൻ. ചെന്നൈ അണ്ണാ അറിവാളയത്തിൽ സംഘടിപ്പിച്ച ഡിഎംകെയുടെ ‘മുപ്പെറും വിഴ’ ചടങ്ങിൽ സംസാരിക്കവെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
“മിസ അറസ്റ്റ് ആരോടും തെളിയിക്കേണ്ട കാര്യം എനിക്കില്ല. എന്റെ ത്യാഗങ്ങൾക്ക് മാർക്കിടാൻ ആർക്കും അർഹതയുമില്ല. ഭരണപരമായ വീഴ്ചകളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രി വിജയ് ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത്,” എന്ന് സ്റ്റാലിൻ തുറന്നടിച്ചു. തടവറയിൽ മരിച്ച ചിറ്റിബാബുവിന്റെ ഡയറിക്കുറിപ്പുകളിൽ ഇതെല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിവികെ (TVK) സർക്കാരിൻ്റെ കീഴിൽ തമിഴ്‌നാട് 25 വർഷം പിന്നോട്ട് പോയെന്നും സംസ്ഥാനത്തെ ക്രമസമാധാനനില പൂർണ്ണമായും തകർന്നെന്നും സ്റ്റാലിൻ ആരോപിച്ചു. “ഇന്ന് തമിഴ്‌നാട്ടിൽ വൈദ്യുതി മുടക്കവും അരിവാൾ ആക്രമണങ്ങളും (മിൻ വെട്ടും അരുവാ വെട്ടും) തമ്മിലാണ് പ്രധാന മത്സരം” എന്ന് അദ്ദേഹം പരിഹസിച്ചു. പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിനെയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
മുഖ്യമന്ത്രി വിജയ്യുടെ ലണ്ടൻ സന്ദർശനത്തെ ചോദ്യം ചെയ്ത സ്റ്റാലിൻ, ഒരു ഇന്ത്യൻ കമ്പനിയുമായി കരാറിലൊപ്പിടാൻ ലണ്ടനിൽ പോകേണ്ട കാര്യം എന്തായിരുന്നുവെന്നും ചോദിച്ചു. സിനിമാഭിനയം നിർത്തിയെന്ന് പറഞ്ഞ വിജയ് ഇപ്പോൾ ജനങ്ങൾക്ക് മുന്നിൽ റീൽസുകൾക്കായി അഭിനയിക്കുകയാണെന്നും ഡിഎംകെ നൽകിയത് യഥാർത്ഥ ഭരണമായിരുന്നെങ്കിൽ ടിവികെ നൽകുന്നത് ‘റീൽസ് ഭരണം’ മാത്രമാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.















