കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ (PM SHRI) പദ്ധതിയോടുള്ള ശക്തമായ എതിർപ്പ് ആവർത്തിച്ച് എ.ഐ.സി.സി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വിദ്യാഭ്യാസ രംഗത്തിലൂടെ
സംഘപരിവാർ അജണ്ട രാജ്യത്ത് നടപ്പിലാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. പദ്ധതി അംഗീകരിക്കില്ലെന്ന ഹൈക്കമാൻഡ് നിലപാട് ആവർത്തിച്ച അദ്ദേഹം, വി.ഡി. സതീശൻ സർക്കാരിന്റെ നിലപാടുകൾക്കിടെ പാർട്ടിയുടെ ഔദ്യോഗിക നയം വ്യക്തമാക്കുകയായിരുന്നു.
വിഷയത്തിൽ യു.ഡി.എഫ്. സർക്കാരിനെതിരെ വിമർശനമുന്നയിച്ച മുൻ മന്ത്രി കെ. രാജന് ശക്തമായ മറുപടിയാണ് കെ.സി. വേണുഗോപാൽ നൽകിയത്. എൽ.ഡി.എഫ്. സർക്കാരിൽ കാബിനറ്റ് മന്ത്രിയായിരുന്ന കാലത്ത് മിണ്ടാതിരുന്ന ആളാണ് ഇപ്പോൾ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് വേണുഗോപാൽ പരിഹസിച്ചു. അന്നില്ലാത്ത വീര്യമാണ് രാജൻ ഇപ്പോൾ കാണിക്കുന്നതെന്നും അന്ന് കേന്ദ്ര നിലപാടുകളോട് ഒത്തുകളിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

















