സീറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്.എം.വൈ.എം) സംസ്ഥാന സമിതിയുടെ പ്രഥമ സെനറ്റ് സമ്മേളനം നടന്നു. സഭയിലെ യുവജനങ്ങളുടെ പ്രവർത്തനങ്ങൾക്കും ഭാവി പരിപാടികൾക്കും രൂപം നൽകുന്നതിനായി ചേർന്ന സമ്മേളനം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു
എസ്.എം.വൈ.എം സംസ്ഥാന സമിതി പ്രസിഡന്റ് അലക്‌സ് തോമസ് പുളിമൂട്ടിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സീറോ മലബാർ യൂത്ത് കമ്മീഷൻ ചെയർമാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നിർവ്വഹിച്ചു. ഡെപ്യൂട്ടി പ്രസിഡന്റ് അലൻ ജോളി പടിഞ്ഞാറേക്കര സ്വാഗതവും, സംസ്ഥാന സമിതി ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി ആമുഖ പ്രഭാഷണവും നടത്തി.
യുവജന പ്രസ്ഥാനത്തിന്റെ ആഗോള-രൂപതാ തലങ്ങളിലെ പ്രതിനിധികളായ റവ. ഫാ. ജേക്കബ് ചക്കാത്തറ (ഡയറക്ടർ, ഗ്ലോബൽ സമിതി), അഡ്വ. സാം സണ്ണി ഓടയ്ക്കൽ (പ്രസിഡന്റ്, ഗ്ലോബൽ സമിതി), ശ്രീ. രാജീവ് കൊച്ചുപറമ്പിൽ (പ്രസിഡന്റ്, എ.കെ.സി.സി), റവ. ഫാ. ജോസഫ് ആലഞ്ചേരിൽ, മിജോ ജോയി കുന്നത്താനിയേൽ (പ്രസിഡന്റ്, പാലാ രൂപത) എന്നിവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു.
സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് അഡ്വ. പ്രതീഷ് രാജ് ഓലിക്കൽ നന്ദി രേഖപ്പെടുത്തി. സഭയിലെ യുവജന ശാക്തീകരണവും സാമൂഹിക ഇടപെടലുകളും കൂടുതൽ ഊർജ്ജിതമാക്കാൻ സമ്മേളനം ആഹ്വാനം ചെയ്തു.















