ബസ് യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തെന്ന കെഎസ്ആർടിസി കണ്ടക്ടര്ക്കെതിരായ പരാതിയിൽ നടപടി. കണ്ടക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഗുരുവായൂർ – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 ‘പ്രിയദർശിനി’ ബസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ശനിയാഴ്ച യാത്രയ്ക്കിടെ വിദ്യാർത്ഥിനി സീറോ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയില്ലെന്ന് കണ്ടക്ടർ പറയുകയായിരുന്നു. തുടർന്ന് “പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ല” എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അപമര്യാദയായി സംസാരിക്കുകയും ചെയ്തെന്നാണ് പരാതി. യാത്രക്കാരിൽ ചിലരും തങ്ങളോട് മോശമായി പെരുമാറിയെന്ന് പരാതിയിൽ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ പരാതിക്കാരിയെയും കണ്ടക്ടറെയും പറവൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
പറവൂർ പോലീസിൽ ലഭിച്ച പരാതി ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തുകയും തുടർന്ന് സിഎംഡിയുടെ നിർദ്ദേശപ്രകാരം സസ്പെൻഷൻ നടപടി സ്വീകരിക്കുകയും ചെയ്തു.
യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിൽ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് കെഎസ്ആർടിസി സിഎംഡി ഡോ. പി. എസ്. പ്രമോജ് ശങ്കർ വ്യക്തമാക്കി. ബസിൽ യാത്ര ചെയ്യുന്നവരോട് മാന്യമായും സൗഹാർദപരമായും പെരുമാറേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണെന്നും ഇത്തരം പരാതികളിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, പ്രിയദർശിനി ബസ്സിൽ വിദ്യാർത്ഥിനിയെ അധിക്ഷേപിച്ച സംഭവത്തിൽ കേസെടുക്കുമെന്ന് പറവൂർ പോലീസ് അറിയിച്ചു. വിദ്യാർഥിനിയുടെ പരാതിയിൽ ആണ് നടപടി.















