തിരുവനന്തപുരം: മുന്നണിയിൽ മുസ്ലിം ലീഗിന് മാത്രമാണ് പരിഗണന ലഭിക്കുന്നതെന്നും ലീഗിൽ നിന്നാണ് കോൺഗ്രസ് പദവികൾ പോലും അറിയുന്നതെന്നും കെ.പി.സി.സി ഭാരവാഹി യോഗത്തിൽ വിമർശനം. ബോർഡ്-കോർപ്പറേഷൻ പദവി വിഭജനം വൈകുന്നതിനെതിരെയും എ ഗ്രൂപ്പിൽ നിന്ന് കടുത്ത അതൃപ്തി ഉയർന്നു.
ഭരണം മാറി ആറ് മാസമായിട്ടും കോൺഗ്രസിന് അർഹമായ പദവികൾ ലഭിച്ചിട്ടില്ലെന്നും പ്രധാന സ്ഥാനങ്ങളിൽ ഇപ്പോഴും സി.പി.എം നേതാക്കൾ തുടരുകയാണെന്നും യോഗത്തിൽ വിമർശനമുണ്ടായി. ഭരണമാറ്റത്തിന്റെ യാതൊരു പ്രതീതിയും താഴെത്തട്ടിലില്ലെന്നാണ് നേതാക്കളുടെ പരാതി. ചില മന്ത്രിമാരുടെ ജില്ലാ സന്ദർശനങ്ങൾ പോലും പ്രാദേശിക നേതാക്കളെ അറിയിക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നു.
പദവി വിഭജനത്തിലും ചർച്ചകളിലും ഇനി പിന്നോട്ടില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. തുടർച്ചയായ അവഗണന സഹിക്കേണ്ടതില്ലെന്നാണ് ഗ്രൂപ്പിന്റെ പൊതുവികാരം. ഇതിന്റെ ഭാഗമായി ഗ്രൂപ്പിനെ വീണ്ടും സജീവമാക്കാനും, പദവി വിഭജന ചർച്ചകളിൽ ഗ്രൂപ്പ് പ്രതിനിധിയെ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കാനും തീരുമാനമായി. ബോർഡ്-കോർപ്പറേഷൻ വിഭജനം വൈകിയെന്ന വിമർശനം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും യോഗത്തിൽ സമ്മതിച്ചു.















