കൽപ്പറ്റ: ഉരുൾപൊട്ടലിൽ ഒലിച്ചുപോയ വയനാട്ടിലെ ചൂരൽമല പാലത്തിന് പകരം പുതിയ ഹൈടെക് പാലം നിർമ്മിക്കുന്നു. 34 കോടി രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങളും പൈലിംഗ് ജോലികളും ചൂരൽമല ടൗണിൽ ആരംഭിച്ചു.
ചൂരൽമലയിൽ സൈന്യം നിർമ്മിച്ച ബെയ്‌ലി പാലത്തിന് സമാന്തരമായാണ് പുതിയ പാലം ഒരുങ്ങുന്നത്. ഗർഡറുകൾ പരസ്പരം ചേർത്തുള്ള ബോസ്ട്രിങ് (Bowstring) മാതൃകയിലാണ് നിർമ്മാണം. പുഴയിലേക്ക് തൂണുകൾ ഇല്ലാത്ത രീതിയിലാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുഴയുടെ മുകളിൽ 107 മീറ്ററും ഇരു കരകളിലും 80 മീറ്റർ വീതവും നീളം പാലത്തിനുണ്ടാകും. ദുരന്തകാലത്ത് പുന്നപ്പുഴയിലുണ്ടായ പരമാവധി ഉയർന്ന ജലനിരപ്പ് തിട്ടപ്പെടുത്തി അതിനേക്കാൾ ഉയരത്തിലാണ് പാലം നിർമ്മിക്കുന്നത്. ഇനിയൊരു പ്രകൃതിക്ഷോഭമുണ്ടായാൽ പോലും അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലാണ് നിർമ്മാണം.
ചൂരൽമല ടൗണിൽ നിന്ന് ആരംഭിച്ച് മറുകരയിൽ അട്ടമല-മുണ്ടക്കൈ റോഡുകൾ കൂടിച്ചേരുന്നിടത്താണ് പാലം അവസാനിക്കുക. നാല് വർഷം കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.















