ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) രാജ്യവ്യാപകമായി വിമാനങ്ങളുടെ ടേക്ക് ഓഫുകൾക്ക് താൽക്കാലിക വിലക്ക് (Ground Stop) ഏർപ്പെടുത്തിയതിന് പിന്നാലെ അമേരിക്കയിൽ വ്യോമഗതാഗതം താറുമാറായി. രാജ്യത്തുടനീളം ഏകദേശം 7,000 വിമാന സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തതായാണ് റിപ്പോർട്ട്.
ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണ് വിമാന സർവീസുകൾ സ്തംഭിക്കാൻ കാരണമെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്‌വെയ്ൻ മള്ളിൻ പ്രതികരിച്ചു. തകരാറിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പ്രശ്നം പൂർണ്ണമായി പരിഹരിക്കാൻ ഏറെ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിലെ 22 റീജണൽ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളെയും ആശയവിനിമയ തകരാർ ബാധിച്ചതായി ഗതാഗത സെക്രട്ടറി ഷോൺ ഡഫി അറിയിച്ചു. റൂട്ടറുകളിലും സ്വിച്ചുകളിലും ഡാറ്റാ പ്രവാഹം അമിതമായതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
സംഭവത്തിന് പിന്നിൽ സൈബർ ആക്രമണമോ അട്ടിമറിയോ ഉള്ളതായി നിലവിൽ സൂചനകളില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം (SMART) നടപ്പാക്കുന്നതിനിടെയാണ് പ്രതിസന്ധിയുണ്ടായതെങ്കിലും, പുതിയ സംവിധാനത്തിന് തകരാറുമായി ബന്ധമില്ലെന്ന് ഗതാഗത സെക്രട്ടറി വ്യക്തമാക്കി. ഇതിനിടെ അമേരിക്കൻ ദേശീയ കാലാവസ്ഥാ വകുപ്പിനെയും രാജ്യവ്യാപക ഇന്റർനെറ്റ്, ആശയവിനിമയ തകരാർ ബാധിച്ചു. കാലാവസ്ഥാ വിവരങ്ങൾ ലഭിക്കുന്നതിന് തടസ്സം നേരിടുന്നുണ്ടെന്നും വെബ്സൈറ്റുകളിൽ പഴയ വിവരങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.















