തീക്കോയി: ഭാവിഭാരതത്തിന്റെ വാഗ്ദാനങ്ങളായ കുരുന്നുകളുടെ ആവേശവും ആഹ്ലാദവും നിറച്ച് തീക്കോയി സെന്റ് മേരീസ് എൽ.പി. സ്കൂളിൽ ശിശുദിനം വർണ്ണാഭമായി ആഘോഷിച്ചു. ചാച്ചാജിയുടെ സ്നേഹസ്മരണകൾ പുതുക്കി നടത്തിയ ശിശുദിനാഘോഷ റാലി സ്കൂൾ അങ്കണത്തെ ഉത്സവാന്തരീക്ഷത്തിലാക്കി.
സ്കൂൾ ഹെഡ്മിസ്ട്രസ് ബീനാ ജെയിംസിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ അധ്യാപകരും വിദ്യാർത്ഥികളും ആവേശപൂർവ്വം പങ്കെടുത്തു. വെള്ളത്തൊപ്പിയും ചുവന്ന റോസാപ്പൂവും ധരിച്ച് ചാച്ചാജിയുടെ വേഷമണിഞ്ഞ കുരുന്നുകളും, സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളും വർണ്ണബലൂണുകളുമേന്തിയ വിദ്യാർത്ഥികളും റാലിക്ക് വർണ്ണപ്പകിട്ടേകി.
തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ അങ്കണത്തിൽ സമാപിച്ച റാലിയിൽ സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോർജ് വെട്ടുകല്ലേൽ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. സ്നേഹവും കാരുണ്യവും സത്യസന്ധതയും കൈമുതലാക്കി നല്ല നാളെയുടെ ശില്പികളായി വളരാൻ അദ്ദേഹം കുട്ടികളെ ആഹ്വാനം ചെയ്തു. തുടർന്ന് മാനേജർ കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.















